മുംബൈ: എംഎസ്‌കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയുടെ കാലാവധി ഞായറാഴ്ച അവസാനിച്ചു. മുംബൈയിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. കമ്മിറ്റിക്ക് നിർദ്ദിഷ്ട കാലാവധിക്കപ്പുറം പോകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി നാല് വർഷത്തെ കാലാവധിയുള്ള പഴയ ഭരണഘടന അനുസരിച്ചാണ് ഗംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ തീരുമാനം എടുത്തത്. ഭേദഗതി ചെയ്ത ഭരണഘടന പ്രകാരം സെലക്ഷൻ കമ്മിറ്റിക്ക് പരമാവധി അഞ്ച് വർഷത്തെ കാലാവധിയുണ്ട്. പ്രസാദിനെയും ഗഗൻ ഖോഡയെയും സെലക്ഷന്‍ കമ്മിറ്റിയില്‍ നിയമിക്കുന്നത് 2015-ലാണ്. ജതിൻ പരഞ്‌പേ, സരന്ദീപ് സിംഗ്, ദേവാങ് ഗാന്ധി എന്നിവർ 2016-ൽ കമ്മിറ്റിയുടെ ഭാഗമായി. അതേസമയം പാനല്‍ അംഗങ്ങൾ ഒന്നും തുടരില്ലെന്നും ഗാംഗുലി അഭിപ്രായപെട്ടു.
സെലക്‌ടർമാർ അവരുടെ ജോലി ഭംഗിയായി ചെയ്തെന്ന് ബിസിസിഐയുടെ 88-ാമത് വാർഷിക പൊതുയോഗത്തിന് ശേഷം ഗാംഗുലി പറഞ്ഞു. സെലക്ടർമാർക്കായി ടേം രൂപീകരിക്കും. കൂടാതെ എല്ലാ വർഷവും സെലക്ടർമാരെ നിയമിക്കുന്നത് ശരിയല്ലെന്നും ഗാംഗുലി കൂട്ടിചേർത്തു.
എംഎസ്‌കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയുടെ ഭരണകാലത്ത് ഇന്ത്യൻ ടീം നിരവധി വിജയങ്ങൾ നേടിയിരുന്നു.