ഇംഗ്ലീഷ് കഥകളിലെ വീരനായകൻമാർ പോരാട്ട വീര്യം കൊണ്ട് ലോകത്തെ അമ്പരപ്പിച്ചവരാണ്. ഏത് പ്രതികൂല സാഹചര്യത്തെയും അസാമാന്യ ധൈര്യം കൊണ്ട് നേരിട്ടവർ. കഴിഞ്ഞ വർഷം ജൂലായ് 14ന് സൂപ്പർ ഓവറും കടന്ന് ഇംഗ്ലണ്ടിന് ക്രിക്കറ്റ് ലോകകപ്പ് വാങ്ങിക്കൊടുത്ത അതേ ആത്മവീര്യത്തിലാണ് ഇപ്പോഴും ബെൻ സ്റ്റോക്‌സ്. തോല്‍ക്കാൻ മനസില്ല. സഹതാരങ്ങൾ പാതിവഴിയില്‍ പരാജയപ്പെടുമ്പോഴും സാഹചര്യം തന്‍റേതാക്കി സ്റ്റോക്‌സ് പോരാടും. വെസ്റ്റിൻഡീസിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നായകനായി പരാജയം ഏറ്റുവാങ്ങിയപ്പോഴും സ്റ്റോക്‌സിലെ പോരാട്ട വീര്യം അണഞ്ഞിരുന്നില്ല. വിജയം മാത്രം ലക്ഷ്യമിട്ട് മാഞ്ചസ്റ്ററില്‍ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ഇംഗ്ലണ്ടിന്‍റെ സ്വന്തം ബെൻ യഥാർഥ പോരാളിയായി. ആദ്യ ഇന്നിംഗ്സില്‍ തകർന്ന ഇംഗ്ലീഷ് നിരയെ ഒറ്റയ്ക്ക് തോളിലേറ്റി. 356 പന്തില്‍ 176 റൺസ്. രണ്ടാം ഇന്നിംഗ്സില്‍ സ്റ്റോക്‌സ് കളി മാറ്റി. ജയിക്കണമെങ്കില്‍ അതി വേഗം റൺസ് നേടണം. ഓപ്പണറായി ഇറങ്ങി 57 പന്തില്‍ പുറത്താകാതെ 78 റൺസ്. ഒപ്പം നിർണായകമായ രണ്ട് വിക്കറ്റുകളും. രണ്ടാം ടെസ്റ്റില്‍ സ്റ്റോക്‌സ് ആകെ നേടിയത് 254 റൺസും മൂന്ന് വിക്കറ്റും. അതിനൊപ്പം കളിയിലെ കേമൻ പട്ടവും.
മത്സര ശേഷം ഇംഗ്ലീഷ് നായകൻ ജോ റൂട്ട് സ്റ്റോക്‌സിനെ വിശേഷിപ്പിച്ചത് " മിസ്റ്റർ ഇൻക്രഡിബിൾ" എന്നാണ്. ആകാശമാണ് സ്റ്റോക്‌സിന് അതിര്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്ര മനോഹരമായി കളിക്കാൻ കഴിയുന്നത്. സ്റ്റോക്‌സ് ഇപ്പോൾ ഒരു സമ്പൂർണ താരമാണ്. ലോകത്തെ ഏറ്റവും മികച്ച താരമായാണ് ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്‌സിനെ മാഞ്ചസ്റ്ററില്‍ വിശേഷിപ്പിച്ചത്. വിൻഡീസിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ബൗൾ ചെയ്യുമ്പോൾ പരിക്കേറ്റുവെങ്കിലും അദ്ദേഹം തിരിച്ച് കളത്തിലെത്തി. " എന്‍റെ എല്ലാം ഞാൻ ടീമിനായി നല്‍കി. എന്നോട് എന്തെല്ലാം ചോദിച്ചുവോ അതെല്ലാം". എന്നാണ് മത്സര ശേഷം സ്റ്റോക്‌സ് പ്രതികരിച്ചത്. ബെൻ സ്റ്റോക്സ് എന്ന പോരാളിയെ കാലം ഓർക്കുന്നത് മികച്ച നിരവധി മത്സരങ്ങളിലൂടെയാണ്. 2019ലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സർ ഗാരി സോബേഴ്‌സ് ട്രോഫിക്ക് അർഹനായത് ഓസ്ട്രേലിയയ്ക്ക് എതിരെ ആഷസ് ടെസ്റ്റില്‍ നേടിയ 135 റൺസാണ്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സായും ഇംഗ്ലീഷ് ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് ജയവുമെല്ലാം സ്റ്റോക്സിന്‍റെ മികവ് മാത്രമായിരുന്നു. അവസാന വിക്കറ്റില്‍ 76 റൺസിന്‍റെ കൂട്ട് കെട്ട് സൃഷ്ടിച്ചാണ് സ്റ്റോക്സ് 359 റൺസ് എന്ന വിജയലക്ഷ്യം ഒറ്റയ്ക്ക് മറികടന്നത്. ലോകകപ്പിലും അത് സ്റ്റോക്സ് ആവർത്തിച്ചു. ഇംഗ്ലണ്ടിന്‍റെ കിരീട ധാരണത്തിലേക്കുള്ള യാത്രയില്‍ കലാശപ്പോരില്‍ അടക്കം സ്റ്റോക്സായിരുന്നു താരം.
വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടെസ്റ്റിലാണ് മറ്റൊരു ചരിത്ര നേട്ടം കൂടി സ്റ്റോക്‌സ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ നാലായിരം റൺസും 150 വിക്കറ്റും നേടി സ്റ്റോക്‌സ് റെക്കോഡിട്ടു. വിൻഡീസ് ഇതിഹാസ താരം സർ ഗാരി സോബേഴ്‌സിന് ശേഷം അതിവേഗം ഈ നേട്ടം കൈവരിക്കുന്ന താരം. സോബേഴ്‌സ് 63 ടെസ്റ്റില്‍ നിന്നും സ്റ്റോക്‌സ് 64 ടെസ്റ്റില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. ക്രിക്കറ്റിലെ മഹാരഥൻമാരായ ഇയാൻ ബോതവും ജാക് കാലിസുമാണ് സ്റ്റോക്സിന്‍റെ പിന്നിലുള്ളത്. മിക്കപ്പോഴും ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് ചുമലിലേറ്റുന്ന സ്റ്റോക്സ് തന്നെയാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതല്‍ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങളും മാൻ ഓഫ് ദ സീരിസും ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനായി നേടിയിട്ടുള്ളത്. അതോടൊപ്പം പോയ വർഷം ടെസ്റ്റില്‍ ഏറ്റവുമധികം റൺസ്, ഏറ്റവും മികച്ച ശരാശരി എന്നിവയിലും സ്റ്റോക്‌സിനെ വെല്ലാൻ ഇംഗ്ലീഷ് നിരയില്‍ ആളില്ല.