ന്യൂഡല്‍ഹി: പരിക്കേറ്റ കാല്‍മുട്ടുമായി ലോകകപ്പ് കളിച്ചെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. 2015-ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ഏകദിന ലോകകപ്പില്‍ പരിക്കേറ്റ കാല്‍മുട്ടുമായി പന്തെറിഞ്ഞെന്നാണ് ഷമിയുടെ വെളിപ്പെടുത്തല്‍. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഷമി ഇക്കാര്യം വ്യക്തമാക്കിയത്. ടൂര്‍ണമെന്‍റിലെ ഏഴു മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളുമായി ഉമേഷ് യാദവിനു പിന്നില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമത്തെ താരവുമായി ഷമി. 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് ടൂർണമെന്‍റിലെ താരത്തിന്‍റെ പ്രധാന നേട്ടം. ഉമേഷ യാദവിനെക്കാൾ ഒരു വിക്കറ്റ് മാത്രം പിന്നിലായിരുന്നു ഷമിയുടെ ടൂർണമെന്‍റിലെ വിക്കറ്റ് നേട്ടം.
2015 ലോകകപ്പിനിടെ എന്‍റെ കാല്‍മുട്ടിന് പരിക്കുണ്ടായിരുന്നു. മത്സരങ്ങള്‍ക്കുശേഷം നടക്കാന്‍ തന്നെ സാധിച്ചിരുന്നില്ല. പരിക്കോടെയാണ് ലോകകപ്പില്‍ ഉടനീളം കളിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ കാല്‍മുട്ടിന് പരിക്കേറ്റു. പലപ്പോഴും കാല്‍മുട്ടും തുടകളും ഒരേ വലിപ്പത്തിലായിരുന്നു. ഡോക്ടര്‍മാര്‍ എല്ലാ ദിവസവും അതില്‍ നിന്ന് നീര് കുത്തിയെടുക്കുമായിരുന്നു. മൂന്ന് വേദനസംഹാരി ഗുളികളാണ് അന്ന് ദിവസേന ഞാന്‍ കഴിച്ചിരുന്നതെന്നും ഷമി പറഞ്ഞു.
അതേസമയം അന്നത്തെ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി പ്രതിസന്ധി ഘട്ടത്തിലും വലിയ പ്രചോദനം പകർന്നു തന്നുവെന്നും ഷമി കൂട്ടിച്ചേർത്തു. ധോണി തന്‍റെ കരയറില്‍ ഉടനീളം ഈ പതിവ് തുടർന്നതായും ഷമി പറഞ്ഞു.
സെമി ഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടാണ് ടീം ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായത്. സിഡ്നിയില്‍ നടന്ന സെമിയില്‍ ആതിഥേയരായ ഓസിസ് ഉയർത്തിയ 329 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 223 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.