ലണ്ടന്‍: 2019-ല്‍ സ്വന്തം മണ്ണില്‍ നടന്ന ഏകദിന ലോകകപ്പ് ജയത്തിന് ശേഷം ലഭിച്ച മെഡല്‍ നഷ്‌ടമയെന്നാണ് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ വെളിപ്പെടുത്തല്‍. വീട് മാറി താമസിച്ചതിന് പിന്നാലെയാണ് മെഡല്‍ കാണാതായതെന്ന് ആർച്ചർ പറഞ്ഞു. വീട്ടിലെ ചുമരില്‍ ഒരാൾ തന്ന ചിത്രത്തിന് മുകളില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു മെഡല്‍. ഇപ്പോൾ അത് കാണാനില്ല. ലോക്ക് ഡൗണിനെ തുടർന്ന് ഒരാഴ്‌ച്ചയോളം വീട് അരിച്ച് പെറുക്കിയിട്ടും മെഡല്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും ആർച്ചർ പറയുന്നു.
2019-ലോകകപ്പില്‍ ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുക്കുന്നതില്‍ വലയൊരു പങ്കുവഹിച്ചത് ആര്‍ച്ചറായിരുന്നു. ന്യൂസിലന്‍ഡുമായുള്ള ഫൈനല്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവര്‍ എറിയാന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ തെരഞ്ഞെടുത്തത് ആര്‍ച്ചറെയായിരുന്നു. ആര്‍ച്ചര്‍ പ്രതിരോധിച്ചതോടെ സൂപ്പര്‍ ഓവറും സമനിലയിലായി. ഇതോടെ മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണം കണക്കുകൂട്ടി ആതിഥേയരായ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഉൾപ്പെടെ ലോകത്തെ നിരവധി ടൂർണമെന്‍റുകളില്‍ ആർച്ചറുടെ സാന്നിധ്യമുണ്ട്. ലോകത്തെ മികച്ച പേസർമാരില്‍ ഒരാളാണ് അദ്ദേഹം.