മുംബൈ: വിരാട് കോലിക്കും കൂട്ടര്‍ക്കും എതിരെ വരാനിരിക്കുന്ന നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരകളില്‍ ഓപ്പണര്‍ രോഹിത് ശർമയുടെ അഭാവം ഗുണകരമാണെന്ന് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. എന്നാല്‍ കെഎല്‍ രാഹുല്‍ ഈ ശൂന്യത നികത്താന്‍ പര്യാപ്‌തനാണെന്നും മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലിനിടെ കൈക്ക് പരിക്കേറ്റ ഉപനായകന്‍ രോഹിത് ശര്‍മ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ റീഹാബ് സെന്‍ററില്‍ തുടരുകയാണ്. രോഹിതിന്‍റെ അഭാവത്തില്‍ രാഹുല്‍ ഉപനായകനായി തിളങ്ങും. രാഹുലിനെ പോലൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനെ ഏത് ടീമും ആഗ്രഹിക്കുമെന്നും മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.
രോഹിത്തിന്‍റെ അഭാവത്തിൽ, ശിഖർ ധവാനൊപ്പം മയാങ്ക് അഗർവാൾ ഇന്നിംഗ്സ് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു. രാഹുൽ മധ്യനിരയിൽ ബാറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലില്‍ തകര്‍ത്ത് കളിച്ച മായങ്ക് അഗര്‍വാള്‍-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടിന്‍റെ ആരാധകനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഓസ്‌ട്രേലിയയുടെ ആക്രമണം ടീം ഇന്ത്യയെ സമ്മര്‍ദത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന പരമ്പരകളില്‍ മുഹമ്മദ് ഷമിയുടെ ഫോം ടീം ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണായകമാകും. ന്യൂ ബോളിലും ഡത്ത് ഓവറിലും പേസര്‍ എന്ന നിലയില്‍ ഷമിയുടെ പ്രകടനം കാര്യമായി സ്വാധീനിക്കും. സ്‌റ്റീവ് സ്‌മിത്തിന്‍റെ സാന്നിധ്യം ടീം ഇന്ത്യയുടെ തലവേദ വര്‍ദ്ധിപ്പിക്കും. നേരത്തെ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ സ്‌മിത്ത് കളിച്ചിരുന്നില്ല.
സോണി ടെൻ 1, സോണി ടെൻ 3, സോണി സിക്സ് ചാനലുകളിൽ പരമ്പരയുടെ തത്സമയ സംപ്രേക്ഷണമുണ്ടാകും. ഏകദിന പരമ്പരയാണ് ആദ്യം. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഈ മാസം 27ന് ആരംഭിക്കും.