ബംഗളൂരു: ഏകദിന ക്രിക്കറ്റില്‍ ആദ്യ അർധ സെഞ്ച്വറി സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ മാർനസ് ലബുഷെയിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഐസിസി റാങ്കിങ്ങില്‍ മൂന്നാം നമ്പർ താരമായ ലബുഷെയിന്‍റെ ആദ്യ ഏകദിന പരമ്പരയാണ് ഇത്. 64 പന്തില്‍ അഞ്ച് ഫോറടക്കമാണ് ലബുഷെയിന്‍റെ ആദ്യ അർധ സെഞ്ച്വറി. തന്‍റെ കരിയറിലെ മൂന്നാമത്തെ ഏകദിന മത്സരമാണ് 25 വയസുള്ള ഓസിസ് താരം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിച്ചത്.
34-ാമത്തെ ഓവറില്‍ ഇന്ത്യന്‍ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പന്തില്‍ നായകന്‍ വിരാട് കോലിക്ക് ക്യാച്ച് വഴങ്ങിയാണ് ലബുഷെയിന്‍ കൂടാരം കയറിയത്. പരമ്പയില്‍ രാജ്കോട്ടില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ താരം 47 പന്തില്‍ 46 റണ്‍സെടുത്തിരുന്നു. നേരത്തെ ബംഗളൂരുവില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 286 റണ്‍സ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അവസാനം വിവരം ലഭിക്കുമ്പോൾ 41 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 227 റണ്‍സെടുത്തു. 73 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയും എട്ട് റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ഓപ്പണർമാരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. 119 റണ്‍സോടെ സെഞ്ച്വറി നേടിയ രോഹിത് ശർമയുടെയും 19 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാന്‍ ലോകേഷ് രാഹുലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. ഓസ്‌ട്രേലിയക്കായി അഗാറും സാംപയും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.