മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോഡ് ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ 24 റണ്‍സിന്‍റെ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. 232 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഓസിസ് 48.4 ഓവറില്‍ 207 റണ്‍സെടുത്ത് കൂടാരം കയറി.
മൂന്ന് വീതം വിക്കറ്റുകളെടുത്ത പേസര്‍മാരായ ക്രിസ് വോക്‌സും ജോഫ്ര ആര്‍ച്ചറും സാം കുറാനുമാണ് ഓസിസിന്‍റെ പതനം ഉറപ്പാക്കിയത്. ആദില്‍ റാഷിദ് ഒരു വിക്കറ്റ് വീഴ്‌ത്തി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജോഫ്ര ആര്‍ച്ചറാണ് കളിയിലെ താരം. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് സമനില പിടിച്ചു. പരമ്പരയിലെ അടുത്ത മത്സരം സെപ്‌റ്റംബര്‍ 16ന് മാഞ്ചസ്റ്ററില്‍ നടക്കും.
73 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഓസിസ് നിരയിലെ ടോപ്പ് സ്‌കോറര്‍. 105 പന്തില്‍ ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഫിഞ്ചിന്‍റെ ഇന്നിങ്സ്. ഫിഞ്ചിനെ കൂടാതെ 48 റണ്‍സെടുത്ത ലബുഷെയിനും 36 റണ്‍സെടുത്ത അലക്സ് കാരിയും 11 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സും മാത്രമാണ് ഓസിസ് നിരയില്‍ രണ്ടക്കം കടന്നത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഒരു ഘട്ടത്തില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സെന്ന നിലയില്‍ പ്രതിസന്ധിയിലായ ആതിഥേയരെ 37 റണ്‍സെടുത്ത സാം കുറാനും പുറത്താകാതെ 35 റണ്‍സെടുത്ത ആദില്‍ റാഷിദും ചേര്‍ന്നാണ് കര കയറ്റിയത്. ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 76 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.