കൊളംബോ: ശ്രീലങ്കൻ ഇതിഹാസ ബൗളർ ലസിത് മലിംഗക്ക് ഗംഭീര യാത്രയയപ്പ് നല്‍കി ശ്രീലങ്കൻ ക്രിക്കറ്റ് ടീം. ഇന്നലെ ബംഗ്ലാദേശിനെതിരെ നടന്ന വിടവാങ്ങല്‍ മത്സരത്തില്‍ മികച്ച പ്രകടനമാണ് മലിംഗ കാഴ്ചവച്ചത്. 9.4 ഓവറില്‍ 38 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് 15 വർഷം നീണ്ട ഏകദിന കരിയറിന് മലിംഗ തിരശീലയിട്ടത്.
91 റൺസിനാണ് ബംഗ്ലാദേശിനെ ശ്രീലങ്ക തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 314 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 223 റൺസിന് പുറത്തായി. തന്‍റെ കരിയറിലെ അവസാന ഓവറില്‍ വിക്കറ്റ് നേടി ബംഗ്ലാദേശിനെ പുറത്താക്കാനും മലിംഗക്ക് കഴിഞ്ഞു.
226 ഏകദിനത്തില്‍ നിന്ന് വിരമിക്കുമ്പോൾ 338 വിക്കറ്റുകളാണ് മലിംഗ സ്വന്തമാക്കിയത്. 2004ല്‍ യുഎഇക്കെതിരെയാണ് മലിംഗ അരങ്ങേറിയത്. ഇന്നലെ മൂന്ന് വിക്കറ്റ് നേടിയതോടെ ഏകദിനത്തില്‍ 337 വിക്കറ്റ് നേടിയ അനില്‍ കുംബ്ലെയെ മറികടന്ന് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഒമ്പതാമത്തെ ബൗളറെന്ന റെക്കോഡ് സ്വന്തമാക്കാനും മലിംഗക്ക് കഴിഞ്ഞു. മത്സരത്തിന് മുമ്പായി ഗാർഡ് ഓഫ് ഓണർ നല്‍കിയാണ് സഹതാരങ്ങൾ മലിംഗയെ ആദരിച്ചത്.