ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച തന്ത്രശാലികളില്‍ ഒരാളായായ എംഎസ് ധോണിയുടെ തന്ത്രങ്ങളും മൈതാനത്ത് തെറ്റാറുണ്ടെന്ന് ഇന്ത്യയുടെ യുവ സ്പിന്നർ കുൽദീപ് യാദവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ധോണിയുടെ തന്ത്രങ്ങള്‍ പലപ്പോഴും തെറ്റാറുണ്ട്. എന്നാല്‍ അതേക്കുറിച്ച് ധോണിയോട് അപ്പോള്‍ സംസാരിക്കാൻ കഴിയില്ലെന്നും കുൽദീപ് പറഞ്ഞെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ വെളിപ്പെടുത്തൽ വിവാദമായതോടെ സംഭവത്തിൽ പ്രതികരണവുമായി കുല്‍ദീപ് യാദവ് രംഗത്തെത്തി.
താന്‍ ധോണിയെക്കുറിച്ച് പറഞ്ഞെന്ന രീതിയില്‍ പുറത്ത് വന്ന കാര്യങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും, മാധ്യമങ്ങള്‍ ഒരാവശ്യവുമില്ലാതെ ഇതുപോലുള്ള വാര്‍ത്തകള്‍ നൽകുകയാണെന്നും കുല്‍ദീപ് പറഞ്ഞു. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണ്, താന്‍ ആരെക്കുറിച്ചും ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ കുല്‍ദീപ്, മഹിഭായിയോട് തനിക്ക് വലിയ ബഹുമാനമാണ് ഉള്ളതെന്നും കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിവാദ സംഭവത്തില്‍ കുൽദീപ് വ്യക്തത വരുത്തിയത്.