സിഡ്‌നി: ഇന്ത്യയ്‌ക്കെതിരെ വരാനിരിക്കുന്ന പരമ്പരയിൽ വിരാട് കോലിയുടെ വിക്കറ്റ് നിര്‍ണായകമാകുമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിൻസ്. സ്ലെഡ്‌ജ് ചെയ്‌ത് ടീം ഇന്ത്യയുടെ നായകനെ പ്രകോപിപ്പിക്കാതിരിക്കുന്നത് ഓസിസ് ടീമിന് നിർണായകമാകുമെന്ന് കമ്മിന്‍സ് പറഞ്ഞു. ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍, ടെസ്റ്റ് മത്സരങ്ങളില്‍ നായകനായി തെരഞ്ഞെടുത്തിരിക്കുന്നത് കമ്മിന്‍സിനെയാണ്.
നായകന്‍മാരുടെ വിക്കറ്റ് സ്വന്തമാക്കുന്നത് നിര്‍ണായകമാകുമെന്നും കമ്മിന്‍സ് പറഞ്ഞു. ഇരു ടീമുകളിലും ഒന്നോ രണ്ടോ ബാറ്റ്സ്‌മാന്‍മാര്‍ നിര്‍ണായകമാകും. ഇംഗ്ലണ്ടിന് ജോ റൂട്ടിനെ പോലെ ന്യൂസിലന്‍ഡിന് കെയിന്‍ വില്യംസണിനെ പോലെ പൊതുവെ അത് നായകന്‍മാരാണ്. അവരുടെ വിക്കറ്റ് വീഴ്‌ത്തുന്നത് ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമാകും. ലോക ക്രിക്കറ്റില്‍ അസമാന്യ പ്രതിഭയുള്ള നായകനാണ് വിരാട് കോലി. കമന്‍റേറ്റേഴ്‌സ് കോലിയെ കുറിച്ച് വാ തോരാതെ സംസാരിക്കാറുണ്ടെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

പരമ്പരയിൽ ഇന്ത്യക്കെതിരെ കടുത്ത വെല്ലുവളി ഉയര്‍ത്താന്‍ ഓസ്‌ട്രേലിയക്കാകുമെന്നും കമ്മിന്‍സ് പറഞ്ഞു. വീണ്ടും സിഡ്‌നിയില്‍ കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. രാജ്യത്ത് കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് നിലവില്‍ ലോക്ക് ഡൗണില്‍ കഴിയുകയാണ്. എങ്കിലും ഇടവേളകളില്‍ പുറത്തിറങ്ങാന്‍ കഴിയുന്നുണ്ട്. കഴിഞ്ഞ നാല് മാസത്തോളമായി ബയോ സെക്വയര്‍ ബബിളിനുള്ളില്‍ കഴിയുകയാണ്. സ്വന്തം നാട്ടില്‍ കളിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ കഴിയുകയാണെങ്കിലും പരിശീലനത്തില്‍ വിട്ടുവീഴ്‌ചയില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
മൂന്ന് വീതം ഏകദിനങ്ങളും ടി20യും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരവും ടീം ഇന്ത്യക്ക് വേണ്ടി കോലി ഓസ്‌ട്രേലിയയില്‍ കളിക്കും. പര്യടനത്തിന്‍റെ ഭാഗമായി ഏകദിന പരമ്പരയാണ് ആദ്യം നടക്കുക. ഏകദിന പരമ്പര ഈ മാസം 27ന് സിഡ്‌നിയില്‍ ആരംഭിക്കും.