ഹാമില്‍ട്ടണ്‍: ഏകദിന റണ്‍വേട്ടയില്‍ നേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നായകനെന്ന നിലയില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ വിരാട് കോലി മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയെ മറികടന്നു. ന്യൂസിലന്‍ഡിനെതിരെ ഹാമില്‍ട്ടണില്‍ നടന്ന ഏകദിന മത്സരത്തിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. ഹാമില്‍ട്ടണില്‍ 63 പന്ത് നേരിട്ട താരം 51 റണ്‍സ് സ്വന്തമാക്കി. ഗാംഗുലിയുടെ 5,082 റണ്‍സെന്ന റെക്കോഡാണ് കോലി മറികടന്നത്. 148 മത്സരങ്ങളില്‍ നിന്നാണ് ദാദ നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ നായകനെന്ന നിലയില്‍ കോലി 5,123 റണ്‍സാണ് സ്വന്തം പേരില്‍ ചേർത്തത്. 31 വയസുള്ള കോലി 87 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 7,646 റണ്‍സാണ് കോലിയുടെ ബാറ്റിങ് ശരാശരി. നായകനെന്ന നിലയില്‍ 21 സെഞ്ച്വറിയും 23 അർദ്ധ സെഞ്ച്വറിയും കോലി സ്വന്തം പേരില്‍ കുറിച്ചു.
പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ് ഒന്നാമത്. 6,641 റണ്‍സാണ് നായകനെന്ന നിലയില്‍ ധോണി ഏകദിന മത്സരങ്ങളില്‍ നിന്നും സ്വന്തം പേരില്‍ കുറിച്ചത്. 200 മത്സരങ്ങളില്‍ നിന്നാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. തൊട്ടുപിന്നില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീനുമുണ്ട്. 174 മത്സരങ്ങളില്‍ നിന്നും 5,239 റണ്‍സാണ് നായകനെന്ന നിലയില്‍ അസറുദ്ദീന്‍ സ്വന്തം പേരില്‍ കുറിച്ചത്.
അതേസമയം അന്താരാഷ്‌ട്ര തലത്തില്‍ മുന്‍ ഓസിസ് നായകന്‍ റിക്കി പോണ്ടിങ്ങാണ് ഒന്നാം സ്ഥാനത്ത്. 230 മത്സരങ്ങളില്‍ നിന്നും നായകനെന്ന നിലയില്‍ 8,497 റണ്‍സാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. തൊട്ടുതാഴെ രണ്ടാം സ്ഥനത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും മൂന്നാം സ്ഥാനത്ത് സ്‌റ്റീഫന്‍ ഫ്ലമിങ്ങുമാണ്. 218 മത്സരങ്ങളില്‍ നിന്നും 6,295 റണ്‍സാണ് ഫ്ലമിങ്ങിന്‍റെ പേരിലുള്ളത്.
അതേസമയം ഹാമില്‍ട്ടണില്‍ നടന്ന ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് എതിരെ 11 പന്ത് ശേഷിക്കെ ന്യൂസിലന്‍ഡ് നാല് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയർത്തിയ 348 റണ്‍സെന്ന വിജയ ലക്ഷ്യം ആതിഥേയർ 48.5 പന്തില്‍ മറികടന്നു. നേരത്തെ ടോസ് നേടിയ കിവീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത മത്സരം ഫെബ്രുവരി എട്ടിന് ഈഡന്‍ പാർക്കില്‍ നടക്കും.