ഇന്‍ഡോർ: പുതുവർഷത്തില്‍ റെക്കോഡ് നേട്ടത്തോടെ തുടങ്ങി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഈ വർഷത്തെ ആദ്യ ഇന്നിങ്സില്‍ തന്നെ രണ്ട് റെക്കോഡുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. ടി-20 അന്താരാഷ്‌ട്ര മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികക്കുന്ന നായകനെന്ന നേട്ടമാണ് കോലി സ്വന്തം പേരില്‍ കുറിച്ചത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിയുടെ നേട്ടമാണ് കോലി തകര്‍ത്ത്. 31 മത്സരങ്ങളില്‍ നിന്നും ഡുപ്ലസി 1000 റണ്‍സ് തികച്ചപ്പോൾ ഒപ്പമെത്താന്‍ 30 മത്സരങ്ങളേ കോലിക്ക് വേണ്ടിവന്നുള്ളൂ. ശ്രീലങ്കക്ക് എതിരെ ഇന്‍ഡോറില്‍ നടന്ന ട്വന്‍റി-20യിലെ രണ്ടാം ഇന്നിങ്സില്‍ കോലി 17 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടി. 40 ട്വന്‍റി-20 മത്സരങ്ങളില്‍ നിന്നും 1273 റണ്‍സാണ് ഡുപ്ലസിയുടെ പേരിലുള്ളത്.
അന്താരാഷ്‌ട്ര തലത്തില്‍ 1,000 റണ്‍സ് പൂർത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകന്‍ കൂടിയാണ് വിരാട് കോലി. മുന്‍പ് എംഎസ് ധോണിയാണ് ഈ നേട്ടം കൈവരിച്ചത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍, ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, അയർലാന്‍റിന്‍റെ നായകന്‍ വില്യം പോര്‍ട്ടര്‍ ഫീല്‍ഡ് എന്നിവരും 1000 റണ്‍സ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
അന്താരാഷ്‌ട്ര തലത്തില്‍ ട്വന്‍റി-20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരമെന്ന നേട്ടവും ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ കോലി സ്വന്തം പേരിലാക്കി. 71 മത്സരങ്ങളില്‍ നിന്നും 2663 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ്മയെയാണ് കോലി മറികടന്നത്. കോലയും രോഹിതും 2019 അവസാനിക്കുമ്പോൾ ട്വന്‍റി-20 മത്സരങ്ങളില്‍ 2633 റണ്‍സ് സ്വന്തമാക്കിയിരുന്നു.
ഇന്‍ഡോറില്‍ ശ്രീലങ്കക്ക് എതിരെ നടന്ന ട്വന്‍റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ജയം ഇന്ത്യ സ്വന്തമാക്കി. 143 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 പന്ത് ശേഷിക്കെ വിജയം കൈപിടിയിലൊതുക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു ജയവുമായി ഇന്ത്യ മുന്നിലെത്തി. പൂനെയില്‍ നടക്കുന്ന അടുത്ത മത്സരവും ജയിച്ച് പരമ്പര പിടിക്കാനാണ് ഇന്ത്യ ശ്രമിക്കുക.