ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കും പേസർ ജസ്പ്രീത് ബുമ്രയ്ക്കും വെസ്റ്റ് ഇൻഡീസിനെതിരായ ടി-20, ഏകദിന പരമ്പരകളില്‍ വിശ്രമം അനുവദിച്ചേക്കും. ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന പര്യടനത്തില്‍ മൂന്ന് ടി-20, മൂന്ന് ഏകദിനം, രണ്ട് ടെസ്റ്റ് എന്നിവയാണുള്ളത്. ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തിയാല്‍ ഇരുവരെയും കൂടാതെ മറ്റ് ചില മുതിർന്ന താരങ്ങൾക്കും വിശ്രമം നല്‍കിയേക്കും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര പരിഗണിക്കുന്നതിനാല്‍ കോഹ്‌ലിയും ബുമ്രയും ടെസ്റ്റ് ടീമില്‍ തിരിച്ചെത്തും. ഓസ്ട്രേലിയക്കെതിരായ പരമ്പര മുതല്‍ വിശ്രമമില്ലാതെയാണ് കോഹ്‌ലി കളിക്കുന്നത്. ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തിയാല്‍ ജൂലൈ 14 വരെ താരങ്ങൾക്ക് കളിക്കേണ്ടി വരും. അതുകൊണ്ട് മുതിർന്ന ബാറ്റ്സ്മാന്മാർക്കും പേസർമാർക്കും വിശ്രമം നല്‍കേണ്ടത് ആവശ്യമാണ്.
വെസ്റ്റ് ഇൻഡീസുമായി പരിശീലന മത്സരം കളിക്കുന്ന ഇന്ത്യ എ ടീമിലുള്ള യുവതാരങ്ങൾക്ക് ഇതോടെ അവസരം ലഭിക്കും. ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ക്രുണാല്‍ പാണ്ഡ്യ, ഹനുമ വിഹാരി, രാഹുല്‍ ചഹർ, പൃഥ്വി ഷാ എന്നിവർ ടീമിലെത്തുമെന്നാണ് പ്രതീക്ഷ.
അമേരിക്കയിലാണ് വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയുടെ തുടക്കം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് ടി-20കളാണ് അമേരിക്കയില്‍ കളിക്കുന്നത്. പിന്നീടുള്ള മത്സരങ്ങൾ എല്ലാം വെസ്റ്റ് ഇൻഡീസിലാണ്. സെപ്റ്റംബറിലും ഒക്ടോബറിലുമായി ടി-20, ടെസ്റ്റ് പരമ്പരകൾക്കായി ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തും. പിന്നാലെ നവംബറില്‍ ബംഗ്ലാദേശും ഡിസംബറില്‍ വെസ്റ്റ് ഇൻഡീസും ഇന്ത്യയിലെത്തും.