മെല്‍ബണ്‍: ഐപിഎല്ലില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്നതിനെ പിന്തുണച്ച് പരിശീലകന്‍ ജസ്‌റ്റിന്‍ ലാങ്ങർ. 2020-ല്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പില്‍ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഐപിഎല്‍ സഹായിക്കും. 10 മുതല്‍ 14 വരെ ട്വന്‍റി -20 മത്സരങ്ങളാണ് ഓരോരുത്തരും ഐപിഎല്ലില്‍ കളിക്കേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ച നടന്ന ഐപിഎല്‍ താരലേലത്തില്‍ എട്ട് ഫ്രാഞ്ചൈസികളുടെയും മുഖ്യ ആകർഷണം ഓസിസ് താരങ്ങളായിരുന്നു. ഓസിസ് പേസ് ബോളർ പാറ്റ് കമ്മിന്‍സായിരുന്നു താരലേലത്തിലെ മുഖ്യ ആകർഷണം. ലേലത്തില്‍ കമ്മിന്‍സിനെ ഏറ്റവും കൂടിയ തുകയായ 15.5 കോടി രൂപക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. കമ്മിന്‍സിനെ കൂടാതെ ഓസിസ് താരങ്ങളായ ജോഷ് ഹേസില്‍വുഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ക്രിസ് ലിന്‍ എന്നിവരെയും താരലേലത്തില്‍ ഫ്രാഞ്ചൈസികൾ സ്വന്തമാക്കി.
ന്യൂസിലാന്‍റിനെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. ഈ മാസം 26ന് മെല്‍ബണിലാണ് ബോക്‌സിങ് ഡേ ടെസ്‌റ്റ് നടക്കുക. പരമ്പരിയിലെ ആദ്യ മത്സരത്തില്‍ കിവീസിനെ ഓസ്‌ട്രേലിയ പരാജയപ്പെത്തിയിരുന്നു.