ദുബൈ: ഐപിഎല്‍ 2020 സീസണ് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് യുഎഇ. ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയുടെ സ്പോര്‍ട്‌സ് ആന്‍ഡ് ഇവന്‍റ് വിഭാഗം തലവന്‍ സല്‍മാന്‍ ഹാനിഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്‍റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി യുഎഇ വ്യക്തമാക്കി. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഐസിസി ടി20 ലോകകപ്പ് മാറ്റിവെച്ചാല്‍ ആ ജാലകത്തില്‍ ഐപിഎല്‍ നടത്താമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ഐപിഎല്‍ നടത്താനായി ഇതിനകം ശ്രീലങ്കയും യുഎഇയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പ് നടത്താന്‍ നേരത്തെ നിശ്ചയിച്ചത്.
അതേസമയം 2020 ഐപിഎല്‍ ഇല്ലതെ അവസാനക്കില്ലെന്ന് വ്യക്തമാക്കി നേരത്തെ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും രംഗത്ത് വന്നിരുന്നു. നേരത്തെ ലോക്ക് ഡൗണ്‍ കാരണം മാര്‍ച്ച് 29 മുതല്‍ ആരംഭിക്കാനിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതമായി മാറ്റിവെച്ചിരിക്കുകയാണ്.