മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സ് കിംഗസ് ഇലവൻ പഞ്ചാബിനെ നേരിടും. മൊഹാലിയിലെ ഐ എസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ വൈകിട്ട് നാല് മണിക്കാണ് മത്സരം.
ചെന്നൈ സൂപ്പർ കിംഗ്സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നാം സ്ഥാനം നിലനിർത്താൻ ചെന്നൈക്ക് ഇന്ന് ജയിക്കണം. ഇന്ന് ജയിച്ചാല്‍ പഞ്ചാബിന് ഇനിയും പ്ലേ ഓഫില്‍ കടക്കാൻ നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. ചെന്നൈയെ വലിയ മാർജിനില്‍ തോല്‍പ്പിക്കുകയും കൊല്‍ക്കത്തക്കെതിരെ മുംബൈ ഇന്ത്യൻസ് ജയിക്കുകയും ചെയ്താല്‍ പഞ്ചാബിന് സാധ്യതയുണ്ട്. മറുവശത്ത് ഒന്നാം സ്ഥാനത്തുള്ള ചെന്നൈക്ക് 13 മത്സരങ്ങളില്‍ നിന്ന് 18 പോയിന്‍റുണ്ട്. പഞ്ചാബിനോട് ഇന്ന് തോറ്റാല്‍ മുംബൈ ഇന്ത്യൻസും ഡല്‍ഹി ക്യാപിറ്റല്‍സും ചെന്നൈയെ മറികടക്കാൻ സാധ്യതയുണ്ട്. പ്ലേ ഓഫില്‍ അത് ചെന്നൈയെ സാരമായി ബാധിക്കുമെന്നതിനാല്‍ ജയത്തില്‍ കുറഞ്ഞൊന്നും ധോണിക്കും സംഘത്തിനും പ്രതീക്ഷിക്കാനാവില്ല. നിർണായക മത്സരത്തില്‍ ധോണി തന്നെ ചെന്നൈ നയിക്കും. ഇരുവരും ഈ സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോൾ 22 റൺസിന് ചെന്നൈ ജയിച്ചിരുന്നു.
ഇമ്രാൻ താഹിർ, ഹർഭജൻ സിംഗ്, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനം ചെന്നൈക്ക് നിർണായകമാണ്. ഈ സീസണില്‍ 21 വിക്കറ്റുകൾ വീഴ്ത്തി താഹിർ തകർപ്പൻ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓപ്പണർമാരായ ഷെയ്ൻ വാട്സണും ഫാഫ് ഡുപ്ലസീയും സ്ഥിരതയില്ലാത്ത പ്രകടനം പുറത്തെടുക്കുന്നത് ടീമിന് തലവേദനയാണ്. പഞ്ചാബിനെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ധോണി ഇന്നും അത് തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റ ടീമില്‍ നിന്ന് പഞ്ചാബ് ചെറിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ക്രിസ് ഗെയിലും കെ എല്‍ രാഹുലും മിന്നിയാല്‍ കൂറ്റൻ സ്കോറിലേക്ക് പഞ്ചാബിനെ അനായാസമായി എത്തിക്കാം. മായങ്ക് അഗർവാൾ, നിക്കോളാസ് പൂരൻ, മന്ദീപ് സിംഗ്, സാം കറൻ എന്നിവർ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബൗളിംഗില്‍ കരുത്തരായ പഞ്ചാബിന് ചെന്നൈ ബാറ്റ്സ്മാന്മാരെ വീഴ്ത്താനാകും എന്നാണ് പ്രതീക്ഷ.