ന്യൂഡല്‍ഹി: ഐപിഎല്‍ 13-ാം സീസണ്‍ വിദേശത്ത് നടത്തുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് ബിസിസിഐ. കൊവിഡ് 19 പ്രതിസന്ധിയെ തുടർന്ന് ഏത് വിധേനയും ഐപിഎല്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ബിസിസിഐ. ഐപിഎല്‍ വിദേശത്തേക്ക് മാറ്റുന്നത് അവസാന സാധ്യത ആയി മാത്രമെ പരിഗണിച്ചേക്കൂ. നിലവില്‍ ലോക രാജ്യങ്ങളെല്ലാം കൊവിഡ് 19-ന്‍റെ പിടിയിലാണ്. അതിനാല്‍ തന്നെ വിദേശത്ത് ടൂർണമെന്‍റ് നടത്തുന്നതും സുരക്ഷിതമല്ല. കൂടാതെ യാത്രാ വിലക്കുകളും നീക്കേണ്ടതുണ്ട്. ഇതിന് മുമ്പും രണ്ട് തവണ ഐപിഎല്ലിന് വിദേശ രാഷ്‌ട്രങ്ങൾ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2009-ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചും 2014-ല്‍ യുഎഇയില്‍ വെച്ചും ഐപിഎല്‍ മത്സരങ്ങൾ നടന്നു.
അതേസമയം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരിക്കുന്ന ടി20 ലോകകപ്പിന്‍റെ ഭാവിയെ ആശ്രയിച്ചാണ് ഐപിഎല്ലിന്‍റെ കാര്യം തീരുമാനിക്കുക. ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ജൂണ്‍ 10-ന് നടക്കുന്ന ഐസിസി യോഗത്തിലുണ്ടായേക്കും. നേരത്തെ ഓക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ ടി20 ലോകകപ്പ് നടത്താനാണ് നിശ്ചിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 കാരണം ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ആ സമയത്ത് ഐപിഎല്‍ മത്സരങ്ങൾ നടത്താന്‍ സാധിച്ചേക്കും.
നേരത്തെ മാർച്ച് 29 മുതല്‍ ആരംഭിക്കാനിരുന്ന ഐപിഎല്‍ മത്സരങ്ങൾ കൊവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് അനിശ്ചിതമായി മാറ്റിവെക്കുകയായിരുന്നു.