ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് അരങ്ങൊരുങ്ങി. ഐപിഎല്‍ 13ാം പതിപ്പ് സെപ്‌റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ട് വരെ യുഎഇയില്‍ നടത്താന്‍ ധാരണയായി. ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.
അന്തിമ തീരുമാനം അടുത്ത ആഴ്ചയിലെ ഗവേണിങ്ങ് കൗണ്‍സിലില്‍ ഉണ്ടാകും. സര്‍ക്കാരിന്‍റെയും യുഎഇ ഭരണ കൂടത്തിന്‍റെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. ടൂര്‍ണമെന്‍റിനായി ഒരുങ്ങാന്‍ ടീമുകളോട് ആവശ്യപെട്ടിട്ടുണ്ട്. ഫിക്‌സ്‌ചര്‍ ഉള്‍പ്പെടെ പിന്നീട് തീരുമാനിക്കും. 51 ദിവസങ്ങളിലായി നടക്കുന്ന ഐപിഎല്‍ പൂരത്തില്‍ എട്ട് ടീമുകളാണ് പങ്കെടുക്കുക. നേരത്തെ മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്‍റ് കൊവിഡ് 19 പശ്ചാത്തലത്തിലാണ് മാറ്റിവെച്ചത്.
ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഐപിഎല്ലിന് ജാലകം തുറന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും ഐപിഎല്‍. ദുബായ് സ്റ്റേഡിയം അബുദാബിയിലെ ഷെയ്‌ഖ് സയിദ് സ്റ്റേഡിയം ഷാര്‍ജ ഗ്രൗണ്ട് എന്നിവിടങ്ങളിലായിരിക്കും മത്സരം.