ന്യൂഡല്‍ഹി: ഐപിഎല്‍ സ്പോൺസർഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ പിൻമാറുന്നു. അടുത്ത മാസം യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്‍ ടി-20 ടൂർണമെന്‍റിന്‍റെ ടൈറ്റില്‍ സ്പോൺസറാണ് വിവോ. ഐപിഎല്ലില്‍ നിന്ന് ചൈനീസ് സ്പോൺസർമാരെ വിലക്കേണ്ടെന്ന് ഐപിഎല്‍ ഗവേണിങ് കൗൺസില്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിവോ പിൻമാറുന്നത് എന്നാണ് സൂചന. 2018 മുതല്‍ അഞ്ച് വർഷത്തേക്ക് 2199 കോടി രൂപയ്ക്കാണ് വിവോ ഐപിഎല്‍ ടൈറ്റില്‍ സ്പോൺസറായത്. എല്ലാ സീസണിലും 440 കോടിയാണ് വിവോ ബിസിസിഐയ്ക്ക് നല്‍കേണ്ടത്. എന്നാല്‍ അതിർത്തിയില്‍ ഇന്ത്യ- ചൈന സംഘർഷത്തെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.
59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ ഐപിഎല്ലില്‍ നിന്ന് ചൈനീസ് സ്പോൺസർമാരെ നീക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. സ്പോൺസർഷിപ്പില്‍ നിന്ന് വിവോ പിൻമാറുന്ന സാഹചര്യത്തില്‍ ബിസിസിഐയ്ക്ക് പുതിയ സ്പോൺസർമാരെ തേടേണ്ടി വരും. താരങ്ങളുടെ പ്രതിഫലം അടക്കമുള്ള കാര്യങ്ങളില്‍ പണം ആവശ്യമായതിനാല്‍ ഒരു മാസത്തിനുള്ളില്‍ പുതിയ സ്പോൺസറെ കണ്ടെത്തുക എന്നത് ബിസിസിഐക്ക് പ്രതിസന്ധിയാണ്. സെപ്റ്റംബർ 19നാണ് യുഎഇയില്‍ ഐപിഎല്‍ മത്സരങ്ങൾ ആരംഭിക്കുന്നത്. 51 ദിവസങ്ങളില്‍ മത്സരമുണ്ട്. ആദ്യ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് ആരംഭിക്കുന്നത്. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് മത്സരം. രാജ്യാന്തര ക്രിക്കറ്റില്‍ നടപ്പാക്കിയ കൊവിഡ് സബ്‌സ്റ്റിറ്റ്യൂട്ട് അടക്കമാണ് ഐപിഎല്‍ നടത്തുന്നത്.