ഇന്‍ഡോർ: ഇന്ത്യക്ക് എതിരായ ട്വന്‍റി-20 പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ശ്രീലങ്കയുടെ ഓൾ റൗണ്ടർ ഇസുരു ഉഡാന കളിക്കില്ല. പരിക്കേറ്റത് കാരണം പൂനെയില്‍ ഉഡാന കളിക്കില്ലെന്ന് ലങ്കന്‍ പരിശീലകന്‍ മിക്കി ആർതർ പറഞ്ഞു. പരമ്പരയിലെ രണ്ടാം ട്വന്‍റി-20ക്കിടെ ഇന്‍ഡോറില്‍ പരിശീലനം നടത്തുമ്പോളാണ് താരത്തിന് പരിക്കേറ്റത്.
ഡ്രസിംഗ് റൂമില്‍ ഉഡാനെ കണ്ടെന്നും അദ്ദേഹത്തിന് കടുത്ത വേദനയുണ്ടെന്നും മിക്കി ആർതർ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.നടുവിനാണ് പരിക്കേറ്റത്. താന്‍ ഡോക്‌ടറല്ല. എന്താണ് കൃത്യമായ പ്രശ്‌നമെന്നറിയില്ല. ചികിത്സ നല്‍കണം. താരത്തിന്‍റെ സേവനം വെസ്‌റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയില്‍ മാത്രമെ പ്രതീക്ഷിക്കാനാകൂ. ഉഡാന്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസ നേരുന്നതായും മിക്കി ആർതർ പറഞ്ഞു.
ഇന്‍ഡോറില്‍ നടന്ന ട്വന്‍റി-20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. 143 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 പന്ത് ശേഷിക്കെ വിജയിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു ജയവുമായി ഇന്ത്യ മുന്നിലെത്തി. നേരത്തെ ഗുവാഹത്തിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.