ന്യൂഡല്‍ഹി: ജൂലൈ മധ്യത്തോടെ നടത്താനിരുന്ന ശ്രീലങ്കന്‍ പര്യടനവുമായി മുന്നോട്ട് പോവുക നിലവില്‍ അസാധ്യമെന്ന് ബിസിസിഐ. കൊവിഡ് 19 പശ്ചാത്തലത്തിലാണ് ബിസിസിഐ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് വീതം എകദിനങ്ങളും ടി20-കളും ശ്രീലങ്കയില്‍ കളിക്കാനാണ് ടീം ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്നത്. ജൂലൈയില്‍ ഏകദിന, ടി20 പരമ്പരകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് ബിസിസിഐക്ക് കത്തയക്കുകയും ചെയ്‌തിരുന്നു.
ലങ്കന്‍ പര്യടനവുമായി മുന്നോട്ട് പോകാന്‍ നിലവില്‍ സാധ്യതയില്ലെന്ന് ബിസിസിഐ അധികൃതർ വാർത്താ എജന്‍സിയോട് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഓരോ ചുവട് വീതം മുന്നോട്ട് നീക്കാനെ സാധിക്കൂ. ചില താരങ്ങൾ ബോംബെയിലും മറ്റു ചിലർ ബംഗളൂരുവിലും ഉൾപ്പെടെയാണ് കഴിയുന്നത്. ഇരു സ്ഥലങ്ങളിലും കൊവിഡ് 19 രൂക്ഷമായി ബാധിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തില്‍ യാത്രാനുമതി ലഭിക്കുന്ന കാര്യവും സംശയമാണ്. ജൂലൈ ആകുമ്പോഴേക്കും നിലവിലെ സാഹചര്യങ്ങൾ ഏതുരീതിയില്‍ മാറി മറിയുമെന്ന് കാത്തിരുന്ന് കാണാനെ സാധിക്കൂവെന്നും ബിസിസിഐ വ്യക്തമാക്കി.
അതേസമയം ഐപിഎല്‍ 2020 സീസണ് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ് രംഗത്ത് വന്നപ്പോൾ പിന്തുണയുമായി ഓസിസ് ക്രിക്കറ്റ് താരം മാത്യു ഹെയ്‌ഡനും എത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ ഒക്‌ടോബർ മുതല്‍ നവംബർ വരെയുള്ള കാലയളവില്‍ നടത്താനാണ് നീക്കം നടക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടക്കാനിരുക്കുന്ന ടി20 ലോകകപ്പ് മാറ്റവെച്ചാലെ ഐപിഎല്ലിന് അനുകൂല സാഹചര്യം ഉടലെടുക്കൂ.