ന്യഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ യുവ താരങ്ങള്‍ക്ക് കഴിയുമെന്ന് പേസര്‍ മുഹമ്മദ് ഷമി. മുതിര്‍ന്നവര്‍ വിരമിക്കുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുന്ന യുവനിര ഇന്ത്യക്കുണ്ട്. അവര്‍ക്ക് വേണ്ടത് കൂടുതല്‍ മത്സര പരിചയമാണ്. എത്ര കൂടുതല്‍ കളിക്കുന്നോ, അത്രയും മികവിലേക്കെത്താന്‍ താരങ്ങള്‍ക്ക് കഴിയുമെന്നും ഷമി പറഞ്ഞു.
ഒസീസിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് വലിയ കാര്യമാണ്. സീനിയര്‍ താരങ്ങള്‍ ഇല്ലാതെ രണ്ടു തവണ നമുക്ക് അതിന് സാധിച്ചു. യുവതാരങ്ങളെ ആശ്രയിക്കാമെന്നാണ് ഇത് കാട്ടിത്തരുന്നത്. നെറ്റ് ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ടീമിനൊപ്പം ബയോ ബബിളില്‍ ചെലവഴിക്കാന്‍ സാധിക്കുന്നത് അവര്‍ക്ക് വലിയ സാധ്യതകള്‍ തുറന്നുകൊടുക്കുന്നു. ന്യൂബോളും അവസാന ഓവറുകളിലും ഫലപ്രദമായി പന്തെറിയാന്‍ ഇപ്പോഴത്തെ ബൗളര്‍മാര്‍ക്ക് സാധിക്കാറുണ്ടെന്നും ഷമി കൂട്ടിച്ചേര്‍ത്തു.
ഓസിസിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പരിക്കേറ്റതിന് പിന്നാലെ ഷമി ടീമില്‍ നിന്നും പുറത്തായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും കളിക്കാനായിരുന്നില്ല. ഷമിയെ കൂടാതെ മുതിര്‍ന്ന താരങ്ങളായ അശ്വിന്‍, ജഡേജ എന്നിവര്‍ക്കും പരിക്കിനെ തുടര്‍ന്ന് പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും കളിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് പുതുമുഖങ്ങളായ മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ടി നടരാജൻ, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ മികവിലായിരുന്നു ഓസീസിനെ അവരുടെ മണ്ണില്‍ ഇന്ത്യ തറപറ്റിച്ചത്.