ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ നാലാം ഏകദിനം നാളെ മൊഹാലിയില്‍. റാഞ്ചിയിലേറ്റ പരാജയത്തിന് മറുപടി നൽകി പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമാക്കിയായിരിക്കും ഇന്ത്യ നാളെ ഇറങ്ങുക. നാലാം ഏകദിനത്തിനിറങ്ങുമ്പോൾ ടീമിൽ കാര്യമായ മാറ്റങ്ങൾ ഇന്ത്യൻ നിരയിലുണ്ടാകും. മുൻ നായകൻ എം.എസ് ധോണിക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിശ്രമം അനുവദിച്ചിരുന്നു. കെ.എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് മൊഹാലിയിൽ അവസരമൊരുങ്ങും.
ഓപ്പണിംഗ് ബാറ്റ്സ്മാൻ ശിഖര്‍ ധവാന്‍റെ മോശം ഫോമിനെ തുടർന്ന് ധവാനെ പുറത്തിരുത്തി കെ.എല്‍ രാഹുലിന് അവസരം ലഭിച്ചേക്കും. എന്നാൽ ഓപ്പണിംഗിൽ രോഹിത്-ധവാൻ കൂട്ടുകെട്ടിന് ഒരിക്കൽ കൂടി അവസരം നൽകിയാലുംടി-20 പരമ്പരയിൽ തിളങ്ങിയ രാഹുലിന് അവസരം ലഭിക്കും. മൂന്ന് ഏകദിനത്തിലും പരാജയപ്പെട്ട അമ്പാട്ടി റായുഡുവിന് പകരം നാലാം നമ്പറിൽ രാഹുൽ ഇറങ്ങും.
ധോണിയുടെ അഭാവത്തില്‍ യുവതാരം റിഷഭ് പന്തായിരിക്കും വിക്കറ്റ് കീപ്പറായെത്തുക. ബാറ്റിംഗില്‍ മോശം ഫോം തുടരുന്ന പന്തിന് ഏറെ നിര്‍ണായകമാണ് ശേഷിച്ച രണ്ടു മത്സരങ്ങളും. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാൻ പന്തിന് വലിയ ഇന്നിംഗ്സുകള്‍ കളിക്കേണ്ടതുണ്ട്. ബോളിംഗ് വിഭാഗത്തിൽ റാഞ്ചിയിലെ മത്സരത്തിനിടെ ചെറിയ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ച് പേസര്‍ ഭുവനേശ്വര്‍ കുമാറിനെ കളിപ്പിച്ചേക്കും. സ്പിന്‍ വകുപ്പില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയക്ക് പകരം യൂസ്‌വേന്ദ്ര ചാഹല്‍ ടീമില്‍ തിരിച്ചെത്തിയേക്കും.
നിലവില്‍ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. റാഞ്ചിയിൽ നടന്ന മത്സരത്തിൽ 35 റൺസിനാണ് ഓസീസ് ഇന്ത്യക്കെതിരെ ജയിച്ചത്.