മുംബൈ: ഇന്ത്യ - ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പര ഫെബ്രുവരിയിൽ ആരംഭിക്കും. നാല് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിന്‍റെ ഇന്ത്യാ പര്യടനത്തില്‍ ആദ്യത്തേത്. ഫെബ്രുവരി 5 മുതൽ ചെന്നൈയിലാണ് ആദ്യ മത്സരം. ഫെബ്രുവരി 13ന് ആരംഭിക്കുന്ന ടെസ്റ്റിനും വേദിയൊരുക്കുക ചെന്നൈ ആയിരിക്കും. അഹമ്മദാബാദിലെ സർദാർ പട്ടേൽ മോട്ടേര സ്റ്റേഡിയത്തിലാണ് ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍. യഥാക്രമം ഫെബ്രുവരി 24 മുതൽ 28 വരെയും മാർച്ച് 4 മുതല്‍ 8 വരെയുമാണ് മൂന്നും നാലും ടെസ്റ്റുകള്‍.
ഫെബ്രുവരി 24 ന് നടക്കുന്ന മൂന്നാം ടെസ്റ്റ് ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ ഡേ-നൈറ്റ് ടെസ്റ്റായിരിക്കും. കഴിഞ്ഞ വർഷം കൊൽക്കത്തയിൽ നടന്ന ഇന്ത്യയുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് വൻ വിജയമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മോട്ടേരയിൽ അത്യാധുനിക സൗകര്യങ്ങളും 110,000 പേർക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്. ടെസ്റ്റിന് ശേഷം അഞ്ച് മത്സരങ്ങളുള്ള ട്വന്‍റി 20 പരമ്പര അഹമ്മദാബാദിലും, മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര പൂനെയിൽ നടക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് പരമ്പര മൂന്ന് വേദികളിലാക്കി ചുരുക്കിയതെന്ന് ബിസിസിഐ അറിയിച്ചു. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്ന മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും ഉണ്ടായിട്ടില്ല.