മുംബൈ: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. മൂന്ന് ട്വന്‍റി-20യും മൂന്ന് ഏകദിനങ്ങളും അടങ്ങുന്നതാണ് പരമ്പര. ട്വന്‍റി-20 ടീമിന്‍റെ നായകന്‍ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിക്കുന്നത് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചേക്കുമെന്നാണ് സൂചന. ഇതിനകം 11 ട്വന്‍റി-20 മത്സരങ്ങളും 25 ഏകദിന മത്സരങ്ങളും രോഹിത് ഈ വർഷം കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ട്വന്‍റി-20 പരമ്പരക്കുള്ള ടീമില്‍ ഇടം നേടാനായെങ്കിലും ഒറ്റ മത്സരത്തിലും പ്ലേയിങ്ങ് ഇലവനില്‍ ഇടം നേടാതെ പോയ മലയാളി താരം സഞ്ജു സാംസണെ വിന്‍റീസിനെതിരായ ടീമില്‍ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിച്ചേക്കും. മോശം ഫോമിലുള്ള ശിഖർ ധവാന്‍ ടീമില്‍ തുടരണോ എന്ന കാര്യവും സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണിക്കു വരും.
പരമ്പരയിലെ ആദ്യ ട്വന്‍റി-20 മത്സരം അടുത്ത മാസം ആറിന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കും. രണ്ടാം മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ അടുത്തമാസം എട്ടാം തീയതിയും, മൂന്നാം മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലും നടക്കും. അടുത്ത മാസം 15-ന് ചെന്നൈയിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം വിശാഖപട്ടണത്തും മൂന്നാം ഏകദിനം ഒഡീഷ കട്ടക്ക് സ്‌റ്റേഡിയത്തില്‍ അടുത്തമാസം 22-നും നടക്കും.
നേരത്തെ ബംഗ്ലാദേശിനേതിരായ ട്വന്‍റി-20 പരമ്പര 2-1 ന് ഇന്ത്യ നേടിയിരുന്നു. ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരം സന്ദർശകർ നേടിയപ്പോൾ തുടർന്നുള്ള രണ്ട് മത്സരങ്ങളും നേടി പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കായി. നിലവില്‍ ബംഗ്ലാദേശിനെതിരായ ടെസ്‌റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഒരു ഇന്നിങ്സിനും 130 റണ്‍സിനും ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് ഈമാസം 22ന് കൊല്‍ക്കത്തയില്‍ തുടങ്ങും. ഈഡന്‍ ഗാർഡനില്‍ നടക്കുന്ന പകല്‍- രാത്രി മത്സരത്തില്‍ ഇന്ത്യയില്‍ ആദ്യമായി ടെസ്റ്റ് മത്സരങ്ങൾക്ക് പിങ്ക് പന്ത് ഉപയോഗിക്കും.