വെല്ലിങ്ടണ്‍: ഐസിസി സംഘടിപ്പിക്കുന്ന പ്രധാന മത്സരം ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പെന്ന അഭിപ്രായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും രംഗത്ത്. നേരത്തെ ഇന്ത്യന്‍ താരം ചേതേശ്വർ പുജാരയും ഇതേ അഭിപ്രായവുമായി മുന്നോട്ട് വന്നിരുന്നു. ഏകദിന, ടി20 ലോകകപ്പുകളെക്കാൾ വലുത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്നായിരുന്നു പുജാര നേരത്തെ അഭിപ്രായപ്പെട്ടത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിലനിർത്താനായി എവേ മത്സരങ്ങളിലും ടീം ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കണമെന്നും കോലി പറഞ്ഞു. ടെസ്റ്റ് മത്സരങ്ങളെ കൂടുതല്‍ ആവേശകരമാക്കി മാറ്റാന്‍ ചാമ്പ്യന്‍ഷിപ്പ് സഹായിച്ചു. ചാമ്പ്യന്‍ഷിപ്പ് കാരണം മത്സരങ്ങളില്‍ സമനിലക്ക് അപ്പുറം വിജയത്തിനായി ടീമുകൾ പോരാടും. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പര ഇത്തരത്തില്‍ അവേശകരമായിരുന്നു. അവസാന മണിക്കൂറിലെ പ്രകടനത്തിലൂടെ ഇംഗ്ലണ്ട് കേപ്പ്ടൗണില്‍ വിജയിച്ചു. ഇതുപോലുള്ള ഫലങ്ങൾ ഇനിയും കാണാനാകുമെന്നും വിരാട് കോലി പറഞ്ഞു.
ന്യൂസിലന്‍ഡിന് എതിരെ ഫെബ്രുവരി 21-ന് ആരംഭിക്കുന്ന വെല്ലിങ്ടണ്ണണ്‍ ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് നടക്കുക. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 360 പോയിന്‍റുമായി ടീം ഇന്ത്യ ഒന്നാം സ്ഥാനത്താണ്. അതേസമയം 60 പോയിന്‍റുമായി ന്യൂസിലന്‍ഡ് ആറാം സ്ഥാനത്താണ്.