മുംബൈ: ഐപിഎൽ കളിച്ചില്ലെങ്കിൽ മഹേന്ദ്ര സിങ് ധോണിക്ക് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഈ വർഷം ഐപിഎൽ നടന്നില്ലെങ്കിൽ, എംഎസ് ധോണിക്ക് തിരിച്ചുവരവ് നടത്തുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ ഒന്നര വർഷമായി കളിക്കാത്തതിനാൽ അദ്ദേഹത്തെ എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കാനാകുക എന്നാണ് ക്രിക്കറ്റ് കണക്റ്റിൽ ഗംഭീർ പറഞ്ഞത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി ഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. ഏകദേശം ഒരു വർഷത്തോളമായി താരം ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കുകയാണ്. ഇന്ത്യൻ സെലക്ടർമാരും ധോണി ഇല്ലാത്ത ഒരു ടീം വാർത്തെടുത്ത് കഴിഞ്ഞു.
ഈ വർഷത്തെ ഐപിഎല്ലിൽ ധോണി കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ് -19 പശ്ചാത്തലത്തിൽ ടി 20 ലീഗ് കളിക്കാനുള്ള സാധ്യത വിദൂരമാണ്. ഇത്രയും നീണ്ട ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനിൽ ഗവാസ്‌കർ, കപിൽ ദേവ് എന്നിവരും പ്രവചിച്ചു കഴിഞ്ഞു.
ഐപിഎൽ കളിക്കാതെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന ക്രിസ് ശ്രീകാന്തും വ്യക്തമാക്കി.