ദുബായ്: കൊവിഡ് 19 പശ്ചാത്തലത്തില്‍ ക്രിക്കറ്റില്‍ ഉമിനീർ നിലക്ക് പ്രാബല്യത്തില്‍ വന്നു. ഐസിസിയുടെതാണ് തീരുമാനം. ഇത് കൂടാതെ കൊവിഡ് ലക്ഷണങ്ങളുണ്ടായാല്‍ ടെസ്റ്റില്‍ പകരക്കാനെ ഇറക്കാനും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അനുവാദം നല്‍കി.
ടെസ്റ്റില്‍ വിദേശി അമ്പയര്‍ക്ക് പകരം സ്വദേശി അമ്പയറെ നിയമിക്കാനും അനുമതിയുണ്ട്. അതേസമയം ഈ പുതിയ നിയമങ്ങൾക്ക് താല്‍ക്കാലിക പ്രാബല്യമേ ഉണ്ടാകൂ. ജൂലായില്‍ നടക്കാനിരിക്കുന്ന വിന്‍ഡീസിന്‍റെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിയമം പ്രാബല്യത്തിലാകും. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് വിന്‍ഡീസ് ടീം ഇംഗ്ലണ്ടില്‍ കളിക്കുക. മത്സരത്തിനിടെ ഉമിനീർ വിലക്ക് ലംഘിച്ചാല്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി വിധിക്കും. ഓരോ ഇന്നിങ്സിലും രണ്ട് വാണിങ് വീതം ലഭിക്കും തുടർന്നാണ് പെനാല്‍റ്റി വിധിക്കുക. നേരത്തെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അനില്‍ കുംബ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഉമിനീർ വിലക്ക് നടപ്പാക്കാന്‍ ഐസിസിയോട് ശുപാർശ ചെയ്‌തിരുന്നു. ഉമിനീർ വിലക്ക് ലംഘിച്ചാല്‍ പന്ത് വൃത്തിയാക്കാന്‍ അമ്പയർ നിർദ്ദേശം നല്‍കും.
കൂടാതെ ടെസ്റ്റ് മത്സരത്തിനിടെ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാല്‍ മാച്ച് റഫറിയുടെ അംഗീകാരത്തോടെ പകരക്കാരിനെ അനുവദിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നും അമ്പയര്‍മാര്‍ക്ക് പ്രകരം സ്വദേശി അമ്പയര്‍മാര്‍ക്ക് പ്രാധാന്യം നല്‍കാനും ഐസിസി തീരുമാനിച്ചിട്ടുണ്ട്.
ഡിആര്‍എസിലും കൂടുതല്‍ ഇളവുകൾ അനുവദിക്കും. ടെസ്റ്റില്‍ മൂന്നും ഏകദിനത്തില്‍ രണ്ടും ഡിആർഎസുകൾ അനുവദിക്കും. പരിചയസമ്പന്നരായ അമ്പയര്‍മാരുടെ അഭാവം പരിഗണിച്ചാണ് തീരുമാനം. കളിക്കാര്‍ക്ക് ജഴ്‌സിയുടെ നെഞ്ചിന്‍റെ ഭാഗത്ത് ഒരു ബ്രാന്‍ഡ് ലോഗോയും കൂടി ഐസിസി അനുവദിച്ചു. ഇതാദ്യമായാണ് ടെസ്റ്റില്‍ ഇത്തരത്തില്‍ ലോഗോ അനുവദിക്കുന്നത്.