മെല്‍ബണ്‍: വനിതാ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നിന്നും സെമി ബെർത്ത് ഉറപ്പിക്കുകയെന്ന ലക്ഷ്യവുമായി ടീം ഇന്ത്യ ഇറങ്ങുന്നു. മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡാണ് എതിരാളികൾ. നിലവില്‍ ഗ്രൂപ്പ് ബിയില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച് നാല് പോയിന്‍റുമായി ടീം ഇന്ത്യ ഒന്നാമതാണ്. തൊട്ടുപിന്നില്‍ ഒരു ജയവുമായി ന്യൂസിലന്‍ഡാണ് രണ്ടാമത്. കിവീസിന്‍റെ ലോകകപ്പിലെ രണ്ടാമത്തെ മത്സരമാണ് മെല്‍ബണില്‍ നടക്കാന്‍ പോകുന്നത്.
ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെയും കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെയും തോല്‍പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ ഓസിസിനെ 17 റണ്‍സിന് പരാജയപ്പെടത്തിയപ്പോൾ ബംഗ്ലാദേശിനെതിരെ 18 റണ്‍സിന്‍റെ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യന്‍ നിരയില്‍ ഷഫാലി വർമ്മ ഉൾപ്പെടെയുള്ള ബാറ്റ്സ്‌മാന്‍മാരും പൂനം യാദവ് ഉൾപ്പെടെയുള്ള ബൗളേഴ്‌സും മികച്ച പ്രകടനമാണ കാഴ്‌ചവെക്കുന്നത്. അതേസമയം ഉപനായിക സ്‌മൃതി മന്ദാന കിവീസിന് എതിരെ മെല്‍ബണില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. ഇത് ക്യാപ്റ്റന്‍ ഹർമന്‍പ്രീതിനും കൂട്ടർക്കും ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ ഓസിസിന് എതിരെ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു മന്ദാനക്ക് പരിക്കേറ്റത്.
കിവീസ് നിരയില്‍ ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ മികച്ച കളിയാണ് പുറത്തെടുക്കുന്നത്. ശ്രീലങ്കക്ക് എതിരായ ആദ്യ മത്സരത്തില്‍ ഡിവൈന്‍ 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്നു. ഒരു വിക്കറ്റും സ്വന്തമാക്കി. തുടർച്ചയായി ആറ് ടി20 മത്സരങ്ങളില്‍ ഡിവൈന്‍ 50-തിന് മുകളില്‍ റണ്‍സ് സ്വന്തമാക്കിയ ഡിവൈന്‍ ശക്തമായ ഫോമിലാണ്. മൂന്ന് വിക്കറ്റ് എടുത്ത ബൗളർ ഹെയ്‌ലി ജെയ്‌സണും ശക്തമായ കളിയാണ് പുറത്തെടുക്കുന്നത്. നാല് ഓവറില്‍ നിന്നും 16 റണ്‍സ് മാത്രമാണ് ശ്രീലങ്കക്ക് എതിരെ താരം വഴങ്ങിയത്. ജെയ്‌സണെ കളിയിലെ താരമായി തെരഞ്ഞെടുത്തിരുന്നു. മത്സരത്തില്‍ 14 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിന് കിവീസ് ജയം സ്വന്തമാക്കി.