ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ വീണ്ടും ഒരുങ്ങുന്നു. 2023-ൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പാണ് ഇന്ത്യയിൽ നടത്താൻ ഐ.സി.സി തീരുമാനമായത്.
ഇന്നലെ ചേർന്ന ഐ.സി.സി യോഗത്തിനുശേഷം സി.ഇ.ഒ ഡേവിഡ് റിച്ചാർഡ്സണാണ് 13-ാം ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽ നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2021-ൽ നടക്കുന്ന ട്വന്‍റി-ട്വന്‍റി ലോകകപ്പും ഇന്ത്യയിൽ നടത്താൻ നേരത്തെ തീരുമാനമായിരുന്നു. ഇന്ത്യ ലോകകപ്പ് ജോതാക്കളായ 2011-ലാണ് ഇതിനുമുമ്പ് ടൂർണമെന്‍റ് നടത്താൻ ഇന്ത്യക്ക് അവസരം ലഭിച്ചത്. എന്നാൽ 2016-ൽ ഇന്ത്യയിൽ നടന്ന ട്വന്‍റി-ട്വന്‍റി ലോകപ്പിന് നികുതി ഇളവ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല. തുടർന്ന് ബി.സി.സി.ഐയോട് 161 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അല്ലെങ്കിൽ 2023 ലെ ലോകകപ്പ് അവകാശങ്ങൾ പിൻവലിക്കുമെന്നും ഐ.സി.സിയുടെ ഭരണ സമിതി അറിയിച്ചിരുന്നു.
എന്നാൽ ഇന്നലത്തെ യോഗത്തിനു ശേഷം ഇന്ത്യയിൽ തന്നെ ടൂർണമെന്‍റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ബി.സി.സി.ഐയിൽ നിന്നും നഷ്ടപരിഹാരം തങ്ങൾക്ക് ലഭിക്കുമെന്നാണ് വിശ്വാസമെന്നും റിച്ചാർഡ്സൺ പറഞ്ഞു.