ലണ്ടന്‍: കൊവിഡ് 19നെ തുടര്‍ന്ന് ബ്രിട്ടനില്‍ ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കാന്‍ സമയമായിട്ടില്ലെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്‍റെ നിലപാടിനെ ചോദ്യം ചെയ്ത് വനിതാ ക്രിക്കറ്റ് ടീം നായിക ഹീത്തര്‍ നൈറ്റ്. ആളുകള്‍ക്ക് പബില്‍ പോകാമെങ്കില്‍ ക്രിക്കറ്റും പുനരാരംഭിക്കാമെന്ന് അവര്‍ പറഞ്ഞു. ജൂലൈ നാല് മുതല്‍ ബ്രിട്ടനില്‍ പബുകളും കഫെകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് നൈറ്റിന്‍റെ പ്രതികരണം.
നേരത്തെ ക്രിക്കറ്റ് പന്ത് സ്വഭാവിക വൈറസ് വാഹകരാണെന്ന് ബ്രിട്ടീഷ് ജനപ്രതിനിധി സഭയില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. ഇതിന് ശാസ്ത്രീയ വിശദീകരണം ഉണ്ടെന്നും അതിനാല്‍ തന്നെ ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കാന്‍ സമയം ആയിട്ടല്ലെന്നുമാണ് ബോറിസ് ജോണ്‍സണ്‍ നിലപാട് എടുത്തത്. അതേസമയം പന്തുമായി ബന്ധപ്പെട്ട ശാസ്ത്രീയത തനിക്ക് മനസിലാകുന്നില്ലെന്ന് ഹീത്തര്‍ നൈറ്റ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കൊവിഡ് 19 കാരണം സ്തംഭിച്ച രാജ്യാന്തര ക്രിക്കറ്റ് പുനരാരംഭിക്കുന്നത് ഇംഗ്ലണ്ടിലാണ്. ജൂലൈ എട്ടിന് വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും. രാജ്യാന്തര മത്സരങ്ങള്‍ക്ക് നിലവില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.