മാഞ്ചസ്‌റ്റര്‍: ഇതാണ് ഓസീസ്, ചാരത്തില്‍ നിന്ന് ഉയിർത്തെഴുന്നേല്‍ക്കും. അവസാന ശ്വാസം വരെ പോരാടി ജയിച്ചു കയറും. ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന് ജയിച്ച ഓസ്ട്രേലിയ പരമ്പര (2-1)ന് സ്വന്തമാക്കി. അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ വെടിക്കെട്ട് ബാറ്റ്‌സ്‌മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാൻ അലക്‌സ് കാരിയുടെയും സെഞ്ച്വറി മികവിലാണ് ഓസീസ് ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോണി ബെയർ സ്റ്റോയുടെ സെഞ്ച്വറി മികവില്‍ (126 പന്തില്‍ 112 റണ്‍സ്) 302 റൺസ് നേടി. അര്‍ധസെഞ്ച്വറിയുമായി സാം ബില്ലിങ്‌സും (58 പന്തില്‍ 57), ക്രിസ് വോക്‌സും (39 പന്തില്‍ 53) ബ്രെയ്‌സ്‌റ്റോയ്‌ക്ക് മികച്ച പിന്തുണ നല്‍കി.
303 റൺസ് വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഓസീസിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 73 റണ്‍സെന്ന നിലയില്‍ പരാജയം മുന്നില്‍ കണ്ട ഓസീസിനെ മാക്‌സ്‌വെല്ലും അലക്‌സ് കാരിയും ചേർന്ന് വിജയതീരത്ത് എത്തിച്ചു. അലക്‌സ് കാരി 106 റണ്‍സ് നേടിയപ്പോള്‍ മാക്‌സ്‌വെല്‍ 90 പന്തില്‍ ഏഴ് സിക്‌സ് സഹിതം 108 റണ്‍സ് നേടി പുറത്തായി. ഇരുവരും ചേർന്ന് ആറാം വിക്കറ്റില്‍ നേടിയ 212 റൺസ് കൂട്ടുകെട്ട് റെക്കോഡായി മാറി. മാക്‌സ്‌വെല്‍ തന്നെയാണ് കളിയിലെ കേമനും പരമ്പരയിലെ താരവും.