മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡറാണ് രവീന്ദ്ര ജഡേജയെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഫീല്‍ഡില്‍ ഏത് പൊസിഷനില്‍ കളിച്ചാലും അദ്ദേഹത്തിന്‍റ കൈകളില്‍ പന്ത് ഭദ്രമായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. സ്ലിപ്പിലൊ, കവറിലോ, ഔട്ട് ഫീല്‍ഡിലൊ എന്ന വ്യത്യാസമില്ലാതെ ജഡേജ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. ലോകത്തെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അര്‍പ്പണ മനോഭാവമാണ് ജഡേജയെ മികച്ച ഫീല്‍ഡറാക്കി മാറ്റിയത്. മികച്ച ക്യാച്ചുകളാണ് ജഡേജ ഇതിനകം സ്വന്തമാക്കിയതെന്നും ജോണ്ടി റോഡ്‌സ് അഭിപ്രായപ്പെട്ടു.
വിരാട് കോലി, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം ലോകോത്തര ഫീല്‍ഡിങ് നിലവാരമാണ് പുറത്തെടുക്കുന്നത്. നേരത്തെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും നിലവിലെ ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയുടെ കാലത്താണ് ടീം ഇന്ത്യ ഫീല്‍ഡിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് ബാറ്റിങ്ങിലും ബൗളിങ്ങിലും മാത്രം തിളങ്ങിയ ഇന്ത്യന്‍ ടീമില്‍ അതോടെ മാറ്റമുണ്ടായി. മുഹമ്മദ് കെയ്ഫിനെയും യുവരാജിനെയും പോലുള്ളവര്‍ അക്കാലത്താണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫീല്‍ഡിങ്ങില്‍ കഴിവ് തെളിയിച്ച് തുടങ്ങിയത്.