ലണ്ടൻ: ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് ലഭിച്ചതിന് പിന്നാലെ ഐസിസിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിവിധ രാജ്യങ്ങളിലെ മുൻ താരങ്ങൾ. ഡക്ക്‌വർത്ത് ലൂയിസ് അടക്കം ഐസിസി പിന്തുടരുന്ന പല നിയമങ്ങളും ക്രിക്കറ്റിനെ നശിപ്പിക്കുന്നുവെന്നാണ് വിമർശനം. ഗൗതം ഗംഭീർ, യുവരാജ് സിങ് ഉൾപ്പെടെയുള്ളവരും ഐസിസിക്കെതിരെ രംഗത്തെത്തി.
ഇന്നലെ നടന്ന കലാശപ്പോരില്‍ ന്യൂസിലൻഡിനെ മറികടന്നാണ് ഇംഗ്ലണ്ട് ലോകകിരീടം ചൂടിയത്. നിശ്ചിത 50 ഓവറിലും സൂപ്പർ ഓവറിലും മത്സരം സമനിലയായതോടെ കൂടുതല്‍ ബൗണ്ടറികൾ നേടിയെന്ന നിലയില്‍ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു. സൂപ്പർ ഓവറിലും മുമ്പ് കളിച്ച ഓവറുകളിലുമായി ന്യൂസിലൻഡ് 17 ബൗണ്ടറികൾ നേടിയപ്പോൾ ഇംഗ്ലണ്ട് 24 ബൗണ്ടറികളാണ് നേടിയത്. ഐസിസിയുടെ ഈ നിയമത്തിനെയാണ് ഗംഭീർ ഉൾപ്പെടയുള്ളവർ വിമർശിച്ചത്.
എന്തുകൊണ്ടാണ് ലോകകപ്പ് ഫൈനല്‍ പോലെയൊരു പോരാട്ടത്തില്‍ കൂടുതല്‍ ബൗണ്ടറികൾ നേടിയ ടീമിനെ വിജയികളായി പ്രഖ്യാപിച്ചത് എന്ന് മനസ്സിലാവുന്നില്ല. ഐസിസിയുടെ ഈ നിയമം വിഡ്ഢിത്തമാണ്. മത്സരം സമനിലയിലാണ് ആവേണ്ടിയിരുന്നത്. ഫൈനലില്‍ ത്രസിക്കുന്ന പോരാട്ടവീര്യം കാഴ്ചവച്ച ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകളെ അഭിനന്ദിക്കുന്നു. ഇരുടീമുകളും ചാമ്പ്യന്മാരാണെന്നും ഗംഭീർ ട്വീറ്റ് ചെയ്തു. ഈ നിയമം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ മുൻ ഓൾറൗണ്ടർ യുവരാജ് സിങ് പറഞ്ഞു. നിയമം നിയമം തന്നെയാണ്. ലോകകപ്പ് നേടിയതില്‍ ഇംഗ്ലണ്ടിനെ അഭിനന്ദിക്കുന്നു. എന്നാല്‍ എന്‍റെ ഹൃദയം ന്യൂസിലൻഡിന് ഒപ്പമാണ്. അവർ അവസാനം വരെ പൊരുതി. യുവി ട്വിറ്ററില്‍ കുറിച്ചു.
ഈ നിയമം ദഹിക്കാൻ ബുദ്ധിമുട്ടാണെന്നായിരുന്നു ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫിന്‍റെ പ്രതികരണം. സഡൻ ഡെത്ത് പോലെ സൂപ്പർ ഓവറുകൾ തുടരുന്നതാണ് നല്ലത്. ബൗണ്ടറി കണക്കില്‍ വിജയിയെ പ്രഖ്യാപിക്കുന്നതിലും നല്ലത് ട്രോഫി പങ്കുവെക്കുകയാണെന്നും കൈഫ് ട്വീറ്റ് ചെയ്തു.
ഈ നിയമം മാറ്റേണ്ടതാണ് എന്നായിരുന്നു ഓസീസ് മുൻ താരം ബ്രെറ്റ് ലീയുടെ അഭിപ്രായം. ഇത്തരം നിയമങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണെന്ന് ന്യൂസിലൻഡ് മുൻ നായകൻ സ്റ്റീഫൻ ഫ്ലെമിങ് പ്രതികരിച്ചു. എന്തായാലും വലിയ ചർച്ചകൾ ഈ നിയമത്തിന്‍റെ പേരില്‍ വരും ദിവസങ്ങളില്‍ ക്രിക്കറ്റ് ലോകത്ത് നടക്കുമെന്ന കാര്യം ഉറപ്പാണ്.