ഹാമില്‍ട്ടണ്‍: ന്യൂസിലന്‍റിനെതിരായ രണ്ടാം ടെസ്റ്റില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്. മൂന്നാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സന്ദർശകർ 269 റണ്‍സെടുത്തു. ഹാമില്‍ട്ടണിലെ സെഡന്‍ പാർക്കിലാണ് മത്സരം. സെഞ്ച്വറിയോടെ 114 റണ്‍സെടുത്ത ജോ റൂട്ടും നാല് റണ്‍സെടുത്ത ഒല്ലീ പോപെയുമാണ് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ക്രീസില്‍. 101 റണ്‍സെടുത്ത് റണ്‍ ഔട്ടായ റോറി ബേണ്‍സും 114 റണ്‍സെടുത്ത് ക്രീസില്‍ തുടരുന്ന ജോ റൂട്ടുമാണ് സന്ദർശകർക്ക് ഭേദപ്പെട്ട സ്‌കോർ കണ്ടെത്താന്‍ സഹായിച്ചത്. ഒന്നാം ഇന്നിങ്സില്‍ ലീഡ് നേടാന്‍ സന്ദർശകർക്ക് 106 റണ്‍സ് കൂടി നേടണം.
റോറി ബേണ്‍സിനെ കൂടാതെ നാല് റണ്‍സെടുത്ത ഡൊമനിക് സിബ്ലി, നാല് റണ്‍സെടുത്ത ജോ ഡെന്‍ലി, 26 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്, ഒരു റണ്ണെടുത്ത സാക്ക് ക്രാവെല്ലി എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ന്യൂസിലാന്‍റിനായി ടിം സോത്തി രണ്ട് വിക്കറ്റും, മാറ്റ് ഹെന്‍റി, നെയില്‍ വാഗ്നർ എന്നിവർ ഒരോ വിക്കറ്റ് വീതവും എടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍റ് 375 റണ്‍സെടുത്ത് കൂടാരം കയറിയിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലാന്‍റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് ന്യൂസിലന്‍റ് ഇന്നിങ്സിനും 65 റണ്‍സിനും സ്വന്തമാക്കിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമേ പരമ്പര സമനിലയിലെങ്കിലും അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കൂ. ആതിഥേയരോട് ഹാമില്‍ടണില്‍ മത്സരം കൈവിട്ടാല്‍ ആഷസിനുശേഷം ഇംഗ്ലണ്ടിന് തുടര്‍ച്ചയായ രണ്ടാം പരമ്പരയും നഷ്ടമാകും.