വെല്ലിംഗ്‌ടൺ: പന്തില്‍ അണുനാശിനി ഉപയോഗിക്കാന്‍ ഐസിസിയുടെ അനുമതി തേടി ക്രിക്കറ്റ് ഓസ്‌ട്രേലിയ. കൊവിഡ് 19 കാലഘട്ടത്തില്‍ ക്രിക്കറ്റ് സാധാരണ നിലയിലേക്ക് തിരിച്ച് വരുമ്പോൾ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. പന്തില്‍ ഉമിനീർ ഉപയോഗിക്കുന്നത് വിലക്കണമെന്ന് അനില്‍ കുംബ്ലെ അധ്യക്ഷനായ ഐസിസി സമിതി ആവശ്യപെട്ടതിന് പിന്നാലെയാണ് ഓസിസ് പുതിയ നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
പന്ത് മത്സരത്തിനടെ അണുവിമുക്തമാക്കുന്നത് ഗുണം ചെയ്യുമൊ എന്ന് പരിശോധിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സ്‌പോർട്‌സ് സയന്‍സ് ആന്‍ഡ് മെഡിസിന്‍ മാനേജർ അലക്‌സ് കൊണ്ടോറിസ് പറഞ്ഞു. നിരവധി കാര്യങ്ങൾ പരിഗണിക്കാനുണ്ട്. ഐസിസിയുമായി സംസാരിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. തുകല്‍ കൊണ്ടുള്ള പന്തായതിനാല്‍ അണുവിമുക്തമാക്കാന്‍ ബുദ്ധിമുട്ടാണ്. ഫലപ്രദമാണൊ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കളിക്കാർക്ക് സുരക്ഷിതമായി പരിശീലനത്തിലേക്ക് മടങ്ങിവരുന്നതിനായി മൊത്തത്തിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയുടെ പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങളെ പുതിയ പരിശീലന മാർഗങ്ങളെ കുറിച്ച ബോധവല്‍ക്കരിക്കുകയാണ് അദ്ദേഹം. ഇതിലൂടെ നിരവധി വർഷങ്ങളായി അവർ ആർജിച്ചെടുത്ത ചില ശീലങ്ങളാണ് മാറ്റാന്‍ ശ്രമിക്കുന്നത്.
ചിലർ പന്ത് പിടിക്കുന്നതിന് മുമ്പ് വിരലുകളില്‍ ഉമിനീർ പുരട്ടുന്നു. അവർ അത് ഉപയോഗിച്ച് പന്ത് തിളക്കമുള്ളതാക്കുന്നു. ഈ ശീലങ്ങൾ മാറ്റിയെടുക്കണം. ചിലപ്പോൾ ക്രിക്കറ്റിലേക്ക് അവസാനം തിരിച്ചെത്തുന്ന രാജ്യം ഓസ്‌ട്രേലിയ ആകുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ മറ്റുരാജ്യങ്ങൾ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികൾ ഉൾപ്പെടെ നിരീക്ഷിക്കുന്നുണ്ട്. വൈറസ് ബാധ ഉൾപ്പെടെയുള്ള അപകട സാധ്യത കുറക്കാന്‍ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.