മുംബൈ: രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി മഹേന്ദ്രസിങ് ധോണി. ‘ഈ ചോദ്യം അടുത്ത ജനുവരി വരെ ചോദിക്കരുതെന്നായിരുന്നു ധോണിയുടെ മറുപടി'. മുംബൈയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധോണി. വേദിയില്‍ വെച്ച് ക്രിക്കറ്റുമായി ബന്ധപ്പെട്ട രണ്ട് പ്രിയപ്പെട്ട ഓർമ്മകളും ധോണി പങ്കുവെച്ചു.
2011 ലോകകപ്പ് ഫൈനലില്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ലഭിച്ച പിന്തുണയെ കുറിച്ചുള്ള ഒർമ്മകളും അദ്ദേഹം പങ്കുവെച്ചു. മത്സരം അവസാനിക്കാനിരിക്കെ സ്‌റ്റേഡിയത്തില്‍ എത്തിയവർ വന്ദേമാതരം ചൊല്ലാനാരംഭിച്ചു.
അപൂർവ്വമായ രണ്ട് നിമിഷങ്ങളാണ് ഇവ. ഈ ഓർമ്മകൾ ഹൃദയത്തോട് ചേർത്ത് വെക്കുന്നതായും ധോണി കൂട്ടിചേർത്തു.
2007 ട്വന്‍റി-20 ലോകകപ്പ് നേടിയ ശേഷം ലഭിച്ച സ്വീകരണത്തെ കുറിച്ചായിരുന്നു അതിലൊന്ന്. തുറന്ന ബസില്‍ സഞ്ചരിച്ച ടീമിന് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. മറൈന്‍ ഡ്രൈവ് ആരാധകരാല്‍ നിറഞ്ഞതായും ധോണി ഓർമ്മിച്ചെടുത്തു.
38 കാരനായ ധോണി കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമില്‍ കളിച്ചിട്ടില്ല. ഇടക്ക് അദ്ദേഹം സൈനിക സേവനത്തിനും സമയം കണ്ടെത്തി. നിലവില്‍ യുവതാരം ഋഷഭ് പന്താണ് പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യന്‍ ടീമിന്‍റെ വിക്കറ്റ് കീപ്പർ.
തിരിച്ചുവരവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തുടരുന്നതിനിടെ ജാർഖണ്ഡ് അണ്ടർ 23 ടീമിനൊപ്പം പരിശീലനം തുടരുകയാണ് ധോണി. ഇപ്പോഴും മികച്ച കായികക്ഷമത നിലനിർത്തുന്നതിൽ ബദ്ധശ്രദ്ധനാണ് അദ്ദേഹം. അർഹമായ ആദരം ധോണിക്ക് ലഭിക്കുമെന്നും അദ്ദേഹം ഉടൻ വിരമിക്കില്ലെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ധോണിയുടെ രാജ്യാന്തര കരിയറിന്‍റെ ദിശ നിർണയിക്കുന്നതിൽ അടുത്ത വർഷം ഐപിഎല്ലിലെ പ്രകടനം നിർണായകമാകുമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു