കൊല്‍ക്കത്ത: ഹോട്ടല്‍ ജീവനക്കാരികളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് രണ്ട് ക്രിക്കറ്റ് താരങ്ങളെ തിരിച്ചയച്ച് ഡൽഹി ആന്‍റ് ഡിസ്ട്രിക്‌ട് ക്രിക്കറ്റ് അസോസിയേഷൻ. വെള്ളിയാഴ്ച്ച കൊല്‍ക്കത്തയില്‍ ബംഗാളിനെതിരെ നടന്ന സികെ നായിഡു ട്രോഫി മത്സരത്തിനിടെയാണ് സംഭവം. മത്സരശേഷം ഹോട്ടലില്‍ എത്തിയ താരങ്ങൾ ജീവനക്കാരികളോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ഡൽഹിയുടെ അണ്ടർ 23 താരങ്ങളായ കുൽദീപ് യാദവ്, ലക്ഷയ് തരേജ എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഡിഡിസിഎ സെക്രട്ടറി വിനോദ് തിഹാര വ്യക്തമാക്കി. അച്ചടക്ക കമ്മിറ്റി ഇക്കാര്യം അന്വേഷിക്കും. ഇരുവരെയും നാട്ടിലേക്ക് തിരിച്ചയച്ചതായും വിനോദ് തിഹാര പറഞ്ഞു. ആരോപണ വിധേയരായ കളിക്കാരെ സസ്‌പെന്‍റ് ചെയ്‌തതായി മറ്റൊരു ഉദ്യോഗസ്ഥന്‍ വാർത്താ ഏജന്‍സിയോട് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.