സിഡ്‌നി: രോഹിത് ശർമയും ഡേവിഡ് വാർണറും തമ്മില്‍ എന്താണ് ബന്ധമെന്ന് ചോദിച്ചാല്‍ പെട്ടെന്ന് ഒരു ഉത്തരമുണ്ടാകില്ല. രണ്ടു പേരും ലോകത്തെ ഏറ്റവും മികച്ച രണ്ട് ക്രിക്കറ്റ് ടീമുകളുടെ ഓപ്പണർമാരാണ്. ഏത് ബൗളറും ഒന്നു ഭയക്കുന്ന രണ്ട് ഓപ്പണർമാരാണ് രോഹിതും വാർണറും. നിരവധി ബാറ്റിങ് റെക്കോഡുകളും ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ഒരുപാട് സാമ്യങ്ങൾ ഇരുവർക്കുമുണ്ട്.
പക്ഷേ സിഡ്‌നിയില്‍ നാളെ ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിക്ക് അജിങ്ക്യ രഹാനെയും ഓസീസ് നായകൻ ടിംപെയിനും ടോസിടുമ്പോൾ ഇന്ത്യൻ ടീമില്‍ രോഹിത് ശർമ ഉണ്ടാകുമെന്നുറപ്പാണ്. എന്നാല്‍ ഓസ്ട്രേലിയൻ ടീമില്‍ ഡേവിഡ് വാർണർ കളിക്കുമോ എന്നറിയാൻ നാളെ ടോസിടുന്നത് വരെ കാത്തിരിക്കണം. ഇരു ടീമുകളുടേയും ഓപ്പണർമാർ ഇനിയും ഫോമിലാകാത്ത സാഹചര്യത്തില്‍ രോഹിത്തില്‍ നിന്നും വാർണറില്‍ നിന്നും ആരാധകർ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് പേരും പരിക്കില്‍ നിന്ന് മുക്തരായി ടീമിലേക്ക് മടങ്ങിയെത്തുകയാണ്. ഇരുവരും ഇന്ന് ഏറെ നേരം നെറ്റ്‌സ്‌സില്‍ പരിശീലനം നടത്തുകയും ചെയ്തു.
രോഹിതിനൊപ്പം ശുഭ്‌മാൻ ഗില്‍ ഓപ്പൺ ചെയ്യുമെന്ന് ടീം ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ വാർണർ, മാത്യു വാഡെ, വില്‍ പുകോവ്‌സ്‌കി എന്നിവരില്‍ നിന്ന് രണ്ട് പേരാകും ഓസീസ് ടീമില്‍ ഓപ്പണർമാരാകുക. പുകോവ്‌സ്‌കി അരങ്ങേറുകയാണെങ്കില്‍ വാഡെ പുറത്തുപോകേണ്ടി വരും. ഓസീസ് ഒരു പരീക്ഷണത്തിന് തയ്യാറായാല്‍ മധ്യനിരയില്‍ ഫോം നഷ്ടമായ ട്രെവിസ് ഹെഡിന് പകരം വാഡെ മധ്യനിരയില്‍ കളിക്കാനും സാധ്യതയുണ്ട്.
എന്തായാലും ഇരു ടീമിലും രണ്ട് സൂപ്പർ താരങ്ങൾ എത്തുന്നതോടെ മത്സരം വാശിയേറുമെന്നുറപ്പാണ്. അതിലുപരി ഇന്ത്യൻ ടീം അംഗങ്ങൾ ക്വാറന്‍റൈൻ നിയമങ്ങൾ ലംഘിച്ചെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്‌പോരിന് ഓസ്ട്രേലിയ തുടക്കമിട്ടുകഴിഞ്ഞു. ഇത് ഗ്രൗണ്ടില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കാത്തിരുന്ന് കാണാം. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ഇരു ടീമുകൾക്കും സിഡ്‌നിയിലെ നാളത്തെ മത്സരം നിർണായകമാണ്.