ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഓള്‍ടൈം ഇലവനെ തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണർ ഡേവിഡ് വാര്‍ണര്‍. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ക്രിക്കറ്റ് കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗലെയുമായുള്ള അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വാർണർ സങ്കല്‍പ്പത്തിലുള്ള ടീമിനെ പ്രഖ്യാപിച്ചത്. ടീമിലെ ഓപ്പണറാവാന്‍ വാർണർ തയാറായപ്പോൾ പങ്കാളിയായി കൂടെ കൂട്ടിയത് രോഹിത് ശർമയെയാണ്. ഇന്ത്യന്‍ ഓപ്പണർ കൂടിയായ രോഹിത് എപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്‌റ്റന്‍ കൂടിയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് മൂന്നാം നമ്പറില്‍ ഇറങ്ങുക. തൊട്ടു പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുമുണ്ടാകും. മുംബൈ ഇന്ത്യന്‍സിന്‍റെ ഓള്‍റൗണ്ടറും ഇന്ത്യന്‍ താരവുമായ ഹാര്‍ദിക് പാണ്ഡ്യക്കാണ് അഞ്ചാംസ്ഥാനം. ഓസിസ് താരവും കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിക്കുകയും ചെയ്യുന്ന ഗ്ലെന്‍മ മാക്‌സ്‌വെല്‍ ആറാമനായി ഇറങ്ങുമ്പോൾ മഹേന്ദ്ര സിങ് ധോണിക്കാണ് ഏഴാം നമ്പര്‍. ഇലവന് വേണ്ടി വിക്കറ്റ് കാക്കുന്നതും എംഎസ് തന്നെ.
ബൗളിങ്ങില്‍ ഓസിസ് താരം മിച്ചെല്‍ സ്റ്റാർക്ക്, ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുമ്ര, മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ എന്നിവരും സ്‌പിന്നറായി ഇന്ത്യുയുടെ കുല്‍ദീപ് യാദവിനെയോ യുസ്വേന്ദ്ര ചഹലിനെയൊ തെരഞ്ഞെടുക്കും.
അതേസമയം ഐപിഎല്ലില്‍ മികച്ച പ്രകടനം കൊണ്ട് എല്ലാ കാലവും ഓർക്കുന്ന ചില താരങ്ങൾ ടീമില്‍ ഉൾപ്പെട്ടില്ല. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്, മുംബൈ ഇന്ത്യന്‍സിന്‍റെ താരങ്ങളായ ലങ്കന്‍ പേസർ ലസിത് മലിങ്കയും ഓൾറൗണ്ടർ കിരോണ്‍ പൊള്ളാർഡും ടീമില്‍ എത്തിയില്ല.
സ്‌പിന്നർമാർ ഉൾപ്പെടെ ഒമ്പത് ഇന്ത്യന്‍ താരങ്ങൾ ടീമില്‍ ഇടം നേടിയപ്പോൾ മൂന്ന് ഓസിസ് താരങ്ങൾ ഒഴികെ മറ്റ് വിദേശ താരങ്ങളൊന്നും വാർണറുടെ ടീമിന്‍റെ ഭാഗമായില്ല എന്നതും കൗതുകമുണർത്തുന്നു.