കൊല്‍ക്കത്ത: ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി മുന്‍ ബിസിസിഐ പ്രസിഡന്‍റ് ജഗന്മോഹന്‍ ഡാല്‍മിയയുടെ മകന്‍ അവിഷേക് ഡാല്‍മിയയെ തെരഞ്ഞെടുത്തു. ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. സിഎബിയുടെ 18-ാമത് പ്രസിഡന്‍റാണ് അദ്ദേഹം. നേരത്തെ രണ്ട് തവണ പിതാവ് ജഗന്മോഹന്‍ ഡാല്‍മിയ സിഎബി പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്നു. 1992-2006 കാലഘട്ടത്തിലും 2008-2010 കാഘട്ടത്തിലുമാണ് ഡാല്‍മിയ സിഎബി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈഡന്‍ ഗാർഡന്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്‍റെ നവീകരണ പ്രവർത്തികളിലായിരിക്കും നിലവിലെ പ്രസിഡന്‍റ് അവിഷേക് ഡാല്‍മിയയുടെ ശ്രദ്ധ പ്രധാനമായും പതിയുക. 2023-ലെ ലോകകപ്പ് ഉൾപ്പെടെ നിരവധി അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് ഈഡന്‍ ഗാർഡന്‍ വേദിയാകുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലിയെ ജോയിന്‍റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സിഎബി പ്രസിഡന്‍റായിരിക്കെയാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ സിഎബി പ്രസിഡന്‍റായി ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹിശിഷിനെ തെരഞ്ഞെടുക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. സ്‌നേഹാശിഷ് മുമ്പ് ഇന്ത്യക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. അദ്ദേഹം ബംഗാളിന് വേണ്ടി 59 മത്സരങ്ങൾ കളിച്ചു. 2534 റണ്‍സാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം. ആറ് സെഞ്ച്വറിയും 11 അർദ്ധസെഞ്ച്വറിയും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ കരിയർ. 18 എ ലിസ്റ്റ് മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.