അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ക്രിസ് ഗെയില്‍. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി-20 മത്സരത്തിലാണ് ഗെയില്‍ ഈ നേട്ടത്തിലെത്തിയത്. മര്‍ലോണ്‍ സാമുവല്‍സിനെ മറികടന്നാണ് ഗെയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറിയത്.
ഇംഗ്ലണ്ടിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ടി-20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വിന്‍ഡീസ് താരമാകാന്‍ അഞ്ച് റണ്‍സ് കൂടി മതിയായിരുന്നു ഗെയിലിന്. മത്സരത്തില്‍ മൊത്തം 15 റണ്‍സ് നേടിയതോടെ അന്താരാഷ്ട്ര ടി-20 യിൽ ഗെയിൽ 57 മത്സരങ്ങളില്‍ 1622 റൺസ് നേടി. 67 മത്സരങ്ങളില്‍ നിന്ന് 1611 റണ്‍സ് നേടിയാണ് മര്‍ലോണ്‍ സാമുവല്‍സ് രണ്ടാം സ്ഥാനത്തുള്ളത്. 66 മത്സരങ്ങളില്‍ 1142 റണ്‍സെടുത്ത ഡ്വെയിന്‍ ബ്രാവോയും, 45 കളികളില്‍ 907 റണ്‍സെടുത്ത ലെന്‍ഡല്‍ സിമ്മണ്‍സുമാണ് ഇക്കാര്യത്തില്‍ പിന്നാലെയുള്ളത്.