ഷാർജ: ഈ സീസണിലെ രാജസ്ഥാൻ റോയല്‍സിന്‍റെ ആദ്യ മത്സരം. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എംഎസ് ധോണി ബൗളിങ് തെരഞ്ഞെടുത്തപ്പോൾ ഏവരും ആകാംക്ഷയോടെ നോക്കിയത് സഞ്ജു സാംസൺ ഓപ്പണറാകുമോ എന്നാണ്.
എന്നാല്‍ നായകൻ സ്റ്റീവ് സ്മിത്തിനൊപ്പം ഓപ്പണറായി എത്തിയത് യുവ താരം യശസ്വി ജയ്‌സ്‌വാൾ. ആറ് റൺസുമായി ജയ്‌സ്‌വാൾ മടങ്ങിയപ്പോൾ പ്രതീക്ഷിച്ച പോലെ സഞ്ജു എത്തി. തുടക്കം പതിഞ്ഞ താളത്തില്‍.. സാം കറാനെ സിക്‌സ് നേടി ഗിയർമാറ്റിയ സഞ്ജു പിന്നീട് കത്തിക്കയറി. സ്പിന്നർമാർ എത്തിയപ്പോൾ സഞ്ജു സംഹാര രൂപം പൂണ്ടു. ഒടുവില്‍ 32 പന്തില്‍ 74 റൺസുമായി മടങ്ങുമ്പോൾ സഞ്ജു നേടിയത് ഒൻപത് പടുകൂറ്റൻ സിക്‌സുകളും ഒരു ഫോറും. സ്ട്രൈക്ക് റേറ്റ് 231.25.
ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ കാഴ്ചക്കാരനാക്കിയാണ് സഞ്ജു ആദ്യ മത്സരത്തില്‍ തന്നെ അർദ്ധ സെഞ്ചറി നേടിയത്. ലുൻഗി എൻഗിഡിക്ക് വിക്കറ്റ് നല്‍കി സഞ്ജു മടങ്ങിയതിന് ശേഷമെത്തിയ രാജസ്ഥാൻ താരങ്ങൾക്കൊന്നും ശോഭിക്കാനായില്ല. സ്റ്റീവ് സ്മിത്ത് ഒരു വശത്ത് പിടിച്ചു നിന്നാണ് സ്കോർ ബോർഡ് ചലിപ്പിച്ചത്. 47 പന്തില്‍ 69 റൺസ് നേടി സ്മിത്ത് മടങ്ങി.
ഡേവിഡ് മില്ലർ (0), റോബിൻ ഉത്തപ്പ (5), രാഹുല്‍ തെവാത്തിയ (10), റിയാൻ പരാഗ് (6) എന്നിങ്ങനെയാണ് രാജസ്ഥാൻ മുൻനിര താരങ്ങളുടെ സ്കോർ. ഒടുവില്‍ അവസാന ഓവറില്‍ ആളിക്കത്തിയ ജോഫ്ര ആർച്ചറുടെ തകർപ്പൻ പ്രകടനം കൂടിയായപ്പോൾ സ്കോർ 200 കടന്നു. എട്ട് പന്തില്‍ നാല് സിക്‌സ് അടക്കം 27 റൺസാണ് ആർച്ചർ നേടിയത്. അതോടെ രാജസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റൺസ് നേടി ചെന്നൈയുടെ വിജയലക്ഷ്യം 217 ആക്കി.
കഴിഞ്ഞ മത്സരത്തിലെ മാൻഓഫ് ദ മാച്ച് അമ്പാട്ടി റായിഡു ഇല്ലാതെയാണ് ഇന്ന് ചെന്നൈ കളിക്കുന്നത്. റായിഡുവിന് പകരം റിതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈ നിരയില്‍ കളിക്കും.