ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് കൊല്‍ക്കത്ത പോലീസ്. സ്ത്രീധന പീഡനം( സെക്ഷൻ 498എ), ലൈംഗീകാത്രിക്രമം(354 എ) വകുപ്പുകൾ പ്രകാരമാണ് ഷമിക്കെതിരെ കേസെടുത്തിരിക്കുന്നത്.ലോകകപ്പ് ആരംഭിക്കാൻ രണ്ട് മാസം മാത്രം ശേഷിക്കെ കുറ്റപത്രം ചുമത്തിയത് ഇന്ത്യൻ പേസർക്കും ടീമിനും തിരിച്ചടിയായേക്കും.
മുഹമ്മദ് ഷമിയുടെഭാര്യ ഹസിൻ ജഹാന്‍റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഷമിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമായിരുന്നു ഹസിന്‍റെ പരാതി. ഷമിയുടെ കുടുംബത്തിനെതിരെയും ഹസിൻ ആരോപണം ഉന്നയിച്ചിരുന്നു.
സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമായിരുന്നു ഈ കേസ്. താരത്തിന്‍റെ കരിയർ പോലും അവസാനിച്ചെന്ന് ക്രിക്കറ്റ് ആരാധകർ കരുതിയിരുന്നു. ഷമിക്കെതിരെ ഭാര്യ ഒത്തുകളി ആരോപണവും ഉയർത്തിയതോടെ 2018 ല്‍ ഷമിയുടെ കരാർ പുതുക്കുന്നത് ബിസിസിഐ മരവിപ്പിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തില്‍ ഷമി കുറ്റക്കാരനല്ലെന്ന് ബിസിസിഐ കണ്ടെത്തിയിരുന്നു.
എന്നാല്‍ ആരോപണങ്ങളില്‍ തളരാതിരുന്ന ഷമി ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഓസ്ട്രേലിയക്കെതിരെയും ന്യൂസിലൻഡിനെതിരെയും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവച്ച ഷമി ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. കൊല്‍ക്കത്ത പൊലീസിന്‍റെ ഈ നീക്കം താരത്തെയും ഇന്ത്യൻ ടീമിനെയും ഏത് രീതിയില്‍ ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.