കൊളംബോ: കരാര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പുറത്താക്കിയ നടപടിക്കെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ചന്ദിക ഹതുരുസിംഗ രംഗത്ത്. അഞ്ച് മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഹതുരുസിംഗ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് കത്തിലൂടെ ആവശ്യപ്പെട്ടു. ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി. സില്‍വയാണ് ഹതുരുസിംഗ കത്തയച്ച കാര്യം പുറത്തുവിട്ടത്.
ടീമിന്‍റെ തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണമാണ് കഴിഞ്ഞ വര്‍ഷം അവസാനം ഹതുരുസിംഗയെ ടീമിന്‍റെ പരിശീലക സ്ഥാനത്തുനിന്നും നീക്കിയത്. കാലാവധി തീരാന്‍ പതിനെട്ട് മാസങ്ങള്‍ ശേഷിക്കെയാണ് ബോര്‍ഡ് ഹതുരുസിംഗയെ പുറത്താക്കിയത്. ഈ 18 മാസത്തെ ശമ്പളം ഏകദേശം ഒരു മില്യണ്‍ ഡോളര്‍ മാത്രമായിരിക്കെയാണ് അഞ്ച് മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഹതുരുസിംഗ രംഗത്തെത്തിയിരിക്കുന്നത്.
കരാര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പുറത്താക്കിയത് തനിക്ക് മാനക്കേടുണ്ടാക്കിയെന്നും അതിനുള്ള നഷ്‌ടപരിഹാരമാണ് താന്‍ ആവശ്യപ്പെടുന്നതെന്നും ചന്ദിക ഹതുരുസിംഗ പറഞ്ഞു. ആറുമാസത്തെ ശമ്പളം നല്‍കാമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചിട്ടുണ്ടെങ്കിലും ഹതുരുസിംഗ അത് സ്വീകരിക്കാന്‍ തയാറായിട്ടില്ല. പ്രതിമാസം അറുപതിനായിരം അമേരിക്കന്‍ ഡോളറാണ് കരാര്‍ പ്രകാരം ചന്ദിക ഹതുരുസിംഗക്ക് നല്‍കി വന്നത്.
ഹതുരുസിംഗക്ക് നല്‍കുന്ന പ്രതിഫലം വളരെ കൂടുതലാണെന്നും, ശമ്പളത്തിനനുസരിച്ചുള്ള ഫലം ഹതുരുസിംഗയുടെ പരിശീലനത്തില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നുമുള്ള ആരോപണവുമായി ശ്രീലങ്കന്‍ കായിക മന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടോ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദിക ഹതുരുസിംഗയെ പരിശീലക സ്ഥാനത്ത് നിന്നും നീക്കിയത്.