സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരെ സിഡ്‌നിയില്‍ നടന്ന ഏകദിനത്തില്‍ ഒരു സ്‌പിന്നര്‍ ഒരിക്കലും ആഗ്രഹിക്കാത്ത റെക്കോഡ് സ്വന്തം പേരില്‍ കുറിച്ച് യുസ്‌വേന്ദ്ര ചാഹല്‍. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ സ്‌പിന്നറെന്ന റെക്കോഡ് ചാഹലിന്‍റെ കരിയറില്‍ എഴുതിചേര്‍ക്കപ്പെട്ടു. സിഡ്‌നിയില്‍ ഓസിസ് ബാറ്റ്സ്‌മാന്‍മാര്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തപ്പോള്‍ വമ്പനടികള്‍ ഏറ്റുവാങ്ങിയത് ചാഹലായിരുന്നു. 10 ഓവറുകളിലായി 89 റണ്‍സാണ് ചാഹല്‍ വഴങ്ങിയത്. മത്സരത്തില്‍ ഒരു വിക്കറ്റും ചാഹല്‍ സ്വന്തമാക്കി. മാര്‍ക്കസ് സ്റ്റോണിയസിനെ ചാഹല്‍ റണ്ണൊന്നും വിട്ടുകൊടുക്കാതെ പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ലോകേഷ് രാഹുലിന് ക്യാച്ച് വഴങ്ങിയാണ് സ്റ്റോണിയസ് കൂടാരം കയറിയത്. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ടീം ഇന്ത്യ 66 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്.
കൂടുതല്‍ വായനക്ക്: ഓസിസ് പര്യടനം; സിഡ്‌നിയില്‍ ഇന്ത്യക്ക് 66 റണ്‍സിന്‍റെ തോല്‍വി
പീയൂഷ് ചൗളയാണ് നേരത്തെ കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍. 2008ല്‍ പാകിസ്ഥാന് എതിരെ നടന്ന ഏകദിനത്തില്‍ 10 ഓവര്‍ പന്തെറിഞ്ഞ ലെഗ്‌സ്‌പിന്നര്‍ ചൗള 85 റണ്‍സ് വഴങ്ങിയിരുന്നു. ഏകദിന ക്രക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡ് ഭുവനേശ്വര്‍ കുമാറിന്‍റെ പേരിലാണ്. 2015ല്‍ ദക്ഷിണാഫ്രിക്കെതിരായ മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ 105 റണ്‍സാണ് വഴങ്ങിയത്.
അതേസമയം അന്താരാഷ്‌ട്ര തലത്തില്‍ ഈ റെക്കോഡ് ഓസ്‌ട്രേലിയന്‍ താരം മൈക്ക് ലെവിസിന്‍റെ പേരിലാണ്. ജൊഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കെതിരെ നടന്ന മത്സരത്തില്‍ വിക്കറ്റൊന്നും നേടാതെ ഓസിസ് ബൗളര്‍ 113 റണ്‍സാണ് വഴങ്ങിയത്.