ന്യൂഡല്‍ഹി: ബംഗ്ലാദേശ് രാഷ്‌ട്രപിതാവ് സെയിഖ് മുജീബു റഹ്മാന്‍റെ നൂറാം ജന്മദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടി20 പരമ്പരയിലേക്ക് നാല് ഇന്ത്യന്‍ താരങ്ങളുടെ പേര് നിർദ്ദേശിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. നായകന്‍ വിരാട് കോലി, മൊഹമ്മദ് ഷമി, ശിഖർ ധവാന്‍, കുല്‍ദീപ് യാദവ് എന്നിവരുടെ പേരാണ് ബിസിസിഐ നിർദ്ദേശിച്ചിരിക്കുന്നത്. ഏഷ്യൻ ഇലവനും ലോക ഇലവനും തമ്മിലാണ് മത്സരം. ഷേർ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ മാർച്ച് 18-ാം തീയ്യതിയിലും 21-ാം തീയ്യതിയിലുമായാണ് പരമ്പരയിലെ മത്സരങ്ങൾ നടക്കുക.
പാകിസ്ഥാന്‍ താരങ്ങൾ പരമ്പരയുടെ ഭാഗമാകില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോർജ് വ്യക്തമാക്കി. അതേസമയം പാകിസ്ഥാനില്‍ നിന്നുള്ള താരങ്ങളെ ലഭ്യമാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡ് അധികൃതരും അറിയിച്ചു. താരങ്ങൾ പാകിസ്ഥാന്‍ സൂപ്പർ ലീഗില്‍ കളിക്കുന്ന തിരക്കിലാണ്. താരങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ബിസിബി വേർതിരിവ് കാണിക്കുന്നില്ലെന്നും പിസിബി അധികൃതർ കൂട്ടിച്ചേർത്തു.
ലോകോത്തര താരങ്ങളെ പരമ്പരയുടെ ഭാഗമാക്കാനാണ് ശ്രമിക്കുന്നതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് നസ്‌മുല്‍ ഹസനും പറഞ്ഞു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള മത്സരം സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്. എല്ലാവരും ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നസ്‌മുല്‍ ഹസന്‍ കൂട്ടിച്ചേർത്തു.