ലണ്ടന്‍: ഓസ്‌ട്രേലിയക്ക് എതിരായ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ എല്ലാ പഴിയും നായകനെന്ന നിലയില്‍ സ്‌റ്റീവ് സ്‌മിത്ത് ഏറ്റെടുക്കുകയായിരുന്നുവെന്ന് വിശ്വസിക്കുന്നതായി മുന്‍ ഇംഗ്ലീഷ് ഓൾ റൗണ്ടർ ആന്‍ഡ്രൂ ഫ്ലിന്‍റോഫ്. മുഴുവന്‍ ടീമും വിവാദത്തിന്‍റെ ഭാഗമായില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു ബൗളറെന്ന നിലയില്‍ ആരെങ്കിലും ചുരണ്ടിയ പന്ത് തന്നാല്‍ എനിക്ക് അത് മനസിലാകും. എന്നാല്‍ അന്ന് സ്‌മിത്ത് ടീമിലെ മറ്റുള്ളവരുടെയെല്ലാം പഴി സ്വയം ഏറ്റെടുത്തു. പന്ത് ചുരണ്ടല്‍ പോലുള്ള സംഭവങ്ങൾ ഇതിന് മുമ്പും അരങ്ങേറിയിട്ടുണ്ട്. പന്തിന് മുകളില്‍ മധുരം പുരട്ടിയെന്ന ആരോപണം ഇംഗ്ലീഷ് ടീം നേരിട്ടിട്ടുണ്ട്. ചിലർ സണ്‍ ക്രീം അടക്കം പന്തിന് മുകളില്‍ പരീക്ഷിക്കാറുണ്ടെന്നും ഫ്ലിന്‍റോഫ് പറഞ്ഞു.
2018-ല്‍ കേപ്പ് ടൗണില്‍ ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റിലാണ് സ്‌മിത്ത് പന്തുചുരണ്ടല്‍ വിവാദത്തില്‍ അകപ്പെട്ടത്. അന്ന് ഓസിസ് ടീമിന്‍റെ ക്യാപ്റ്റനായിരുന്നു സ്‌മിത്ത്. പിന്നീട് 12 മാസത്തെ വിലക്കിന് ശേഷം ടീമില്‍ തിരിച്ചെത്തിയെങ്കിലും നായക സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള വിലക്ക് നിലനിന്നിരുന്നു. കഴിഞ്ഞ മാസം അവസനാമാണ് രണ്ട് വർഷത്തെ ഈ വിലക്ക് അവസാനിച്ചത്.
2009-ലെ ആഷസ് പരമ്പരക്ക് ശേഷമാണ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഫ്ലിന്‍റോഫ് വിരമിച്ചത്. 400 അന്താരാഷ്‌ട്ര വിക്കറ്റുകളും 7,000 റണ്‍സും കരിയറില്‍ ഫ്ലിന്‍റോഫ് സ്വന്തമാക്കി. 42 വയസുള്ള മുന്‍ താരം ഇപ്പോഴും ടെസ്റ്റ് മത്സരങ്ങൾ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. വിവാദത്തെ തുടർന്ന് സ്മിത്തിനെ കൂടാതെ ഓസിസ് ഓപ്പണർ ഡേവിഡ് വാർണറും വിലക്ക് നേരിട്ടിരുന്നു.