ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ സ്‌പോണ്‍സറായ ചൈനീസ് കമ്പിനി വിവോയെ ഒഴിവാക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. വിവോക്ക് 2022 വരെ അഞ്ച് വര്‍ഷത്തേക്കാണ് ബിസിസിഐയുമായി കരാറുള്ളത്. അടുത്ത തവണ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കരാറിലെ നയത്തില്‍ മാറ്റം വരുത്തും. ഐപിഎല്‍ പോലുള്ളവക്ക് ചൈനീസ് കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുക രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തിയാകും. വിവോയുമായുള്ള കരാര്‍ വഴി ബിസിസിഐക്ക് പ്രതി വര്‍ഷം 440 കോടി രൂപ ലഭിക്കും. ഇത് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും ചൈനീസ് കമ്പനികള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതമാണ്. ഈ തുകക്ക് ബിസിസിഐ സര്‍ക്കാരിന് നികുതി അടക്കന്നുണ്ട്. അതിനാല്‍ തന്നെ വിവോയുമായുള്ള സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഇന്ത്യയെ ആണ് പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേണല്‍ സന്തോഷ് കുമാര്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ വീരചരമം പ്രാപിച്ച പശ്ചാത്തലത്തില്‍ രാജ്യത്ത് വ്യാപകമായി ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത് തുടരുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരായ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ബിസിസിഐ വിവോയുമായി ഉണ്ടാക്കിയ കരാറിലെ നയം വ്യക്തമാക്കിയത്. രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ബിസിസിഐ അനുവദിക്കില്ല. ചൈനീസ് കമ്പിനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നിടത്തോളം കാലം അവര്‍ക്ക് ഇവിടെ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു ചൈനീസ് മൊബൈല്‍ കമ്പനിയായ ഓപ്പോയായിരുന്നു കഴിഞ്ഞ സെപ്റ്റംബര്‍ വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സര്‍മാര്‍. എന്നാല്‍ ഇത് പിന്നീട് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബൈജൂസ് എന്ന ഇന്ത്യന്‍ കമ്പിനിക്ക് കൈമാറി. രാജ്യത്ത് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ ചൈനീസ് കമ്പനിയെ ഏല്‍പ്പിച്ചെങ്കില്‍ അത് ആ രാജ്യത്തെ സഹായിക്കുന്ന തീരുമാനമാകും. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ മൊട്ടേരയുടെ നിര്‍മാണ കരാര്‍ ഇന്ത്യന്‍ കമ്പനിക്കാണ് നല്‍കിയത്. ക്രിക്കറ്റിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ആയിരക്കണക്കിന് കോടിയോളം വില വരുന്ന കരാറുളൊന്നും ചൈനക്ക് നല്‍കിയിട്ടില്ല.
വ്യക്തപരമായി താന്‍ എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിച്ചിട്ടുണ്ട്. വൈകാരികമായിട്ടല്ല യുക്തിസഹമായാണ് ബിസിസിഐ തീരുമാനം എടുക്കുന്നത്. ബിസിസിഐ ചൈനീസ് കമ്പനിക്കല്ല അവര്‍ ഇങ്ങോട്ടാണ് പണം നല്‍കുന്നതന്നും അരുണ്‍ ധുമാല്‍ പറഞ്ഞു.