ബംഗളൂരു: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ബംഗളൂരു പൊലീസിന് 1000 സുരക്ഷാ കിറ്റുകൾ നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അനില്‍ കുംബ്ലെ. കിറ്റുകൾ കുംബ്ലെയില്‍ നിന്നും ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു ഏറ്റുവാങ്ങി. സാനിറ്റൈസർ, മാസ്‌ക്ക്, സോപ്പ്, പകർച്ചവ്യാധി പ്രതിരോധ ഗുളികകൾ എന്നിവയടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്‌തത്. എന്‍ജിഒ സംഘടനയായ യുവയുമായി ചേർന്നാണ് കിറ്റുകൾ നല്‍കിയത്.
കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി പൊലീസ് രാപ്പകല്‍ ഭേദമില്ലാതെ പ്രവർത്തിക്കുകയാണെന്ന് കിറ്റുകൾ നല്‍കിയ ശേഷം അനില്‍ കുംബ്ലെ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയാണ് അവർ ലക്ഷ്യമിടുന്നത്. സമാന സുരക്ഷ പൊലീസിനും ലഭിക്കണം. നിലവില്‍ പൊലീസുകാർക്ക് ഉൾപ്പെടെ കൊവിഡ് 19 ബാധിക്കുന്ന സ്ഥിതിയാണെന്നും അതിനാല്‍ അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കണമെന്നും അനില്‍ കുംബ്ലെ പറഞ്ഞു.